കോഴിക്കോട്: സംസ്ഥാനത്ത് അരി വില ഉയർന്നതോടെ ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ.
സര്‍ക്കാരില്‍ നിന്നും യഥാസമയം സഹായം ലഭിക്കാതെ കടുത്ത
പ്രതിസന്ധി നേരിടുന്നതിനിടെയാണ് അരിവിലയില്‍ കാര്യമായ വര്‍ധനവുണ്ടായിരിക്കുന്നത്.
ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന അരി വിതരണം നിലച്ചിട്ട് ഏഴുമാസത്തിലധികമായി.
2026 മാര്‍ച്ച് 30 വരെ മാത്രമേ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി അരി ലഭിച്ചിട്ടുള്ളു. അരി ലഭിക്കാതായതോടെ ഏപ്രിലില്‍ 38 ഹോട്ടലുകള്‍ പൂട്ടി.
അരിയുടെ പെര്‍മിറ്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതുക്കി നല്‍കുന്നതിനായി സര്‍ക്കാരിലേക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഒരു പെര്‍മിറ്റിന് മാസം 600 കിലോഗ്രാം അരി സിവില്‍ സപ്ലൈസില്‍ നിന്നും 10.90 രൂപ നിരക്കിലാണ് ലഭിച്ചിരുന്നത്.
ഒരു പഞ്ചായത്തില്‍ ഒന്നില്‍ കൂടുതല്‍ ഹോട്ടലുകള്‍ ഉണ്ടെങ്കില്‍ ഈ അരി തുല്യമായി വീതിച്ചു നല്‍കുകയാണ് പതിവ്.
2026 ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 655 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്.
നിലവില്‍ ഇത് 628 ആയി കുറഞ്ഞുവെന്ന് വിവരാവകാശ നിയമപ്രകാരം കുടുംബശ്രീ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
വിവിധ ജില്ലകളിലായാണ് 38 ജനകീയ ഹോട്ടലുകള്‍ പൂട്ടിയത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടിയത്; 14 എണ്ണം






