ഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തില്‍ ജമ്മു കശ്മീർ കനത്ത സുരക്ഷാ ജാഗ്രതയില്‍. സംസ്ഥാന പദവി തിരികെ നല്‍കാത്ത കേന്ദ്ര സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികള്‍ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഏഴ് വർഷം പിന്നിട്ടിട്ടും സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തത് വലിയ വഞ്ചനയാണെന്നാണ് നാഷണല്‍ കോണ്‍ഫറൻസ്, പിഡിപി, അപ്നി പാർട്ടി തുടങ്ങിയ കക്ഷികളുടെ പ്രധാന ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി തിരികെ നല്കുന്നതില് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതിയിലെ ഉറപ്പ് കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നാണ് പ്രധാന വിമർശനം. ഇതിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ കോണ്‍ഫറൻസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണിയുടെ സഹകരണത്തോടെ പാർലമെന്റ് വളപ്പില്‍ ഇന്ന് പ്രതിഷേധം നടക്കും. അതേസമയം, കശ്മീർ താഴ്വരയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധിക്കാനാണ് പിഡിപിയുടെ തീരുമാനം. എന്നാല്‍ ഇവയുടെ പ്രതിഷേധങ്ങള്‍ക്ക് പൊലീസ് അനുമതി നല്കാത്തതിനാല് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ താഴ്വരയിലുടനീളം സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്.






