തെഹ്റാൻ: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയില്‍ സംഘർഷ സാഹചര്യം വീണ്ടും ഉടലെടുത്തിരിക്കുന്നത്.
ഞായറാഴ്ചയാണ് ലാർക്ക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേർക്ക് പരിക്കേറ്റെന്നോ കൊല്ലപ്പെട്ടന്നോ ഉള്ള കൃത്യമായ കണക്ക് ഇറാൻ പുറത്തുവിട്ടിട്ടില്ല. ഹോർമൂസ് കടലിടുക്കിലേക്ക് മൈനുകള്‍ ഘടിപ്പിച്ച റോക്കറ്റുകള്‍ വിക്ഷേപിക്കാൻ തയ്യാറാക്കിയിരുന്ന ലോഞ്ചറുകളെയാണ് ലാർക്ക് ദ്വീപില്‍ ആക്രമിച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ മിസൈല്‍ ആക്രമണം നടത്തി. പണിഷ്മെൻ്റ് ഓഫ് ദി അഗ്രസർ എന്ന പേരില്‍ നടത്തിയ സംയുക്ത മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ ജോർദാനിലെ കിങ് ഹുസൈൻ, അല്‍ അസ്റാഖ് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ സൈനിക താവളങ്ങളിലെ സാങ്കേതിക, അറ്റകുറ്റപ്പണി സംവിധാനങ്ങളും ശത്രുവിന്റെ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരുന്ന കേന്ദ്രങ്ങളും തകർത്തതായാണ് ഐആർജിസിയുടെ അവകാശവാദം. എന്നാല്‍ ജോർദ്ദാനില്‍ ഇറാൻ നടത്തിയ ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനിടെ വ്യോമാതിർത്തിയില്‍ പ്രവേശിച്ച എട്ട് മിസൈലുകള്‍ തകർത്തതായി ജോർദ്ദാൻ വ്യക്തമാക്കിയിട്ടുണ്ട്.






