തിരുവനന്തപുരം: സിപിഎം നേതാവ് ഐ.പി ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
പാളയം ലോക്കല്‍ സെക്രട്ടറിയായ ഐ.പി ബിനുവിനെ വഞ്ചിയൂർ പൊലീസിൻ്റെ റൗഡി ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയത്.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ് ഐ.പി ബിനു.
ഐ.പി ബിനുവിനെതിരെ നിലവില്‍ നാല് കേസുകളുണ്ട്. ഈ കേസുകളുടെ എണ്ണം പരിഗണിച്ചാണ് വഞ്ചിയൂർ പൊലീസ് അദ്ദേഹത്തെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
രണ്ടിലധികം കേസുകള്‍ ഉള്ളവരെയാണ് സാധാരണയായി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താറുള്ളത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എസിപിയാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുന്നത്.
ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ പൊലീസ് നിരീക്ഷണത്തിലായിരിക്കും. തുടർന്നും കേസുകള്‍ ഉണ്ടായാല്‍ ബോണ്ട് കെട്ടിവെക്കേണ്ടി വരികയോ, സ്ഥിരമായി പ്രശ്നങ്ങളുണ്ടായാല്‍ കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യമോ ഉണ്ടായേക്കാം.
തന്നെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി ഭരണകൂട പ്രതികാരമെന്ന് ഐ.പി ബിനു പ്രതികരിച്ചു. ആർഎസ്എസിനെ പ്രീതിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമോ എന്നും ഐ.പി ബിനു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനുവിന്റെ പ്രതികരണം.






