ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന യുവജന പ്രതിഷേധത്തെ അടിച്ചമർത്താനായി ഡല്‍ഹി പോലീസിന്റെ കൂട്ടക്കസ്റ്റഡിക്ക് എതിരായ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിന്റെ പ്രസ്താവന തള്ളി ഇന്ത്യ.
ആഭ്യന്തര കാര്യത്തില്‍ അനാവശ്യമായി ഇടപെടരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാർക്ക് ഉണ്ടെന്നും മറുപടി നല്കി.
മറ്റെല്ലാ രാജ്യങ്ങളിലും ഉള്ളതുപോലെ ക്രമസമാധാന നിലനിർത്താൻ പൗരന്മാർക്ക് മേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് ഇന്ത്യ വിശദീകരിച്ചു. അധികൃതർ പ്രവർത്തിച്ചത് നിയമപരമായി മാത്രം എന്നും വിശദീകരണം. സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനുള്ള അവസരം ഇന്ത്യ ഒരുക്കി നല്‍കണം എന്നായിരുന്നു യുഎൻ മനുഷ്യാവകാശ ഹൈ കമ്മീഷണർ ഓഫീസിന്റെ പ്രസ്താവന.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വക്താവ് തമീം അല്‍-ഖീത്താന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭരണകൂടത്തിന്റേയും പൊലീസിന്റേയും നടപടികളില്‍ ആശങ്ക രേഖപ്പെടുത്തിയത്. അന്യായമായി ആരെയെങ്കിലും തടവിലാക്കിയിട്ടുണ്ടെങ്കില്‍ വിട്ടയയ്ക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ യുവാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, സിവില്‍ സൊസൈറ്റി സംഘടനകളിലെ അംഗങ്ങള്‍, അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ തടവിലാക്കപ്പെട്ടതിനെ ഗൗരവത്തോടെ കാണുന്നുവെന്നും പ്രസ്താവനയിലുണ്ടായിരുന്നു.






