നഗോയ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് സ്വർണ മെഡല്‍ പോരാട്ടം കാണാൻ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) പ്രസിഡന്റ് മോഹ്സിൻ നഖ്വി എത്തില്ല.
ശനിയാഴ്ച നിസ്ഷിനിലെ കൊറോഗി പാർക്കിലാണ് ഇന്ത്യയും പാകിസ്ഥാനും സ്വർണത്തിനായി ഏറ്റുമുട്ടുന്നത്. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികളുള്ളതിനാലാണ് ഫൈനലില്‍ പങ്കെടുക്കാനാകാത്തതെന്ന് എസിസി അറിയിച്ചു.
പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുമാണ് നഖ്വി. ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തില്‍ അടുത്തിടെ നിലനിന്ന തർക്കങ്ങളുടെ പശ്ചാത്തലത്തില്‍ നഖ്വിയുടെ അസാന്നിദ്ധ്യത്തിന് പ്രാധാന്യമുണ്ട്.
നഖ്വിയില് നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചിട്ടുള്ളത്. 2025ലെ പുരുഷ ഏഷ്യാ കപ്പിലും ഈ വർഷത്തെ വനിതാ ഏഷ്യാ കപ്പിലും ഇന്ത്യൻ ടീമുകള്‍ നഖ്വിയില് നിന്ന് ട്രോഫി ഏറ്റുവാങ്ങിയിരുന്നില്ല.
ഇന്ത്യൻ ടീമുകള്‍ക്ക് ട്രോഫി വേണമെങ്കില്‍ തന്റെ പക്കല്‍ നിന്ന് നേരിട്ട് വാങ്ങണമെന്നായിരുന്നു നഖ്വിയുടെ പ്രതികരണം.






