തിരുവനന്തപുരം : ഐഎൻടിയുസിയുടെ സിനിമാ മേഖലയിലെ ട്രേഡ് യൂണിയനായ ഇഫ്റ്റ സിനിമ യൂണിയന്റെ പുതിയ സംസ്ഥാന സമിതിയെ തിരഞ്ഞെടുത്തു. സംവിധായകൻ
രാഹുൽ രാജാണ് ജനറൽ സെക്രട്ടറി. കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന ഇഫ്റ്റ സംസ്ഥാന നേതൃയോഗത്തിലാണ് പുതിയ സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തത്.
പന്തളം സുധാകരനാണ് സംസ്ഥാന പ്രസിഡന്റ്. ഹരികുമാർ പൂതങ്കര വൈസ് പ്രസിഡന്റായും വിനു വിദ്യാധരൻ ട്രഷററായും ബിറ്റാജ് ജോസഫ് ഓർഗനൈസിംഗ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറിമാരായി ജെയിംസ് അരൂർ (എറണാകുളം), പോൾസൺ (തൃശ്ശൂർ), ധനേഷ് കൃഷ്ണ (ആലപ്പുഴ), പ്രശാന്ത് പന്മന (കൊല്ലം), നന്ദൻ മേനോൻ (ഇടുക്കി), ദിവ്യ ജെ. ജെ. (തിരുവനന്തപുരം), രതീഷ് ബാബു (കാസർഗോഡ്), വിജികുമാർ (എറണാകുളം) എന്നിവരെയും തെരഞ്ഞെടുത്തു.
സിനിമ–സീരിയൽ രംഗത്തെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും ഇടനിലക്കാരുടെ ചൂഷണത്തിനെതിരെ ശക്തമായ നടപടികൾ വേണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഇഫ്റ്റ സംസ്ഥാന പ്രസിഡന്റ് പന്തളം സുധാകരൻ ആവശ്യപ്പെട്ടു. കലാകാരന്മാർക്കും ടെക്നീഷ്യന്മാർക്കും അർഹമായ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ ശക്തമായ സംഘടനാ ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.






