ഇടുക്കി: ശാന്തൻപാറ ചേരിയാറില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ തേടി അന്വേഷണ സംഘം പശ്ചിമബംഗാളിലേക്ക്.
വീട്ടമ്മയുടെ മരണത്തിന് ശേഷം കാണാതായ ഇയാള്‍ ട്രെയിൻ മാർഗം കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശാന്തൻപാറ എസ്ഐ കെ.പി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പശ്ചിമബംഗാളിലേക്ക് തിരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 57 കാരി റാണിയുടെ മൃതദേഹം വീടിന് സമീപത്ത് കണ്ടെത്തിയത്. ആദ്യം വന്യ മൃഗ ആക്രമണം ആണെന്ന് കരുതിയെങ്കിലും പിന്നീട് കൊലപാതകം ആണെന്ന് വ്യക്തമായി. തുടർന്നാണ് റാണിയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന് ശേഷം അന്ന് രാത്രി പൂപ്പാറയിലെത്തിയ പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയി.
പൊലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള എടിഎം കൗണ്ടറില്‍ നിന്ന് ഇയാള്‍ 3 തവണയായ 2000 രൂപ വീതം പിൻവലിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് 570 രൂപയുടെ ടിക്കറ്റെടുത്തു ഇയാള്‍ 10.40ന് ഛത്തീസ്ഗഡിലേക്ക് പുറപ്പെടുന്ന കോർബ് എക്സ്പ്രസില്‍ കയറി പോയി. ഛത്തീസ്ഗഡിലെ കോർബ് സ്റ്റേഷൻ വരെയാണ് ഈ ട്രെയിൻ പോകുന്നത്. ഇതിനിടയില്‍ മറ്റേതെങ്കിലും സ്റ്റേഷനില്‍ ഇയാള്‍ ഇറങ്ങി പോകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്






