ഇടുക്കി: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതിനാൽ ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ചികിത്സ വൈകിയെന്നും ചികിത്സ നിഷേധിച്ചെന്നും പരാതി. ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിക്കുന്നതിനിടയിലും ക്യാഷ്വാലിറ്റിയിൽ രോഗികൾ മണിക്കൂറുകളോളം കാത്തുനിന്നതായാണ് ആരോപണം.
ഉച്ചയ്ക്ക് 12 മണിയോടെ പനി ബാധിച്ച കുട്ടിയുമായി എത്തിയിട്ടും മണിക്കൂറുകളോളം ചികിത്സ ലഭിച്ചില്ലെന്ന് രക്ഷിതാവ് പരാതിപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്കായി ക്യാഷ്വാലിറ്റിയിലെ ജീവനക്കാരെല്ലാം തിരിഞ്ഞതോടെ മറ്റ് രോഗികളെ പരിഗണിച്ചില്ലെന്നാണ് ആരോപണം.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രിയിൽ ദീർഘകാലമായി തുടരുന്ന പ്രശ്നമാണെന്നും ഇന്ന് ക്യാഷ്വാലിറ്റിയിൽ മൂന്ന് ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രോഗികളുടെ എണ്ണം വർധിച്ചതോടെ ചികിത്സ വൈകിയെന്നാണ് പരാതി.
അതേസമയം, ആശുപത്രിയിലെ യോഗത്തിനെത്തിയ ആരോഗ്യമന്ത്രിയോട് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മന്ത്രി വിശദീകരണം നൽകിയില്ല. ‘സൂപ്രണ്ടിനോട് ചോദിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു. പിന്നീട് സൂപ്രണ്ടിനെയും ഡിഎംഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഉപരോധിച്ചു. ജീവനക്കാരുടെ കുറവ് പരിഹരിച്ച് രോഗികൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.






