തൊടുപുഴ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഗുരുതരാവസ്ഥയിലാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജ്.
പല വകുപ്പുകളിലും ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ല.
എന്തിന് ആവശ്യത്തിന് കിടക്കകൾ പോലുമില്ല. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് നൽകേണ്ട പല മരുന്നുകളും മെഡിക്കൽ കോളേജിൽ ഇല്ല.
ഇവ പുറത്ത് നിന്ന് വാങ്ങുകയേ നിവൃത്തിയുള്ളൂ.
മെഡിക്കൽ കോളേജിൽ അത്യാവശ്യം വേണ്ട കാർഡിയോളജി വിഭാഗം അനുവദിച്ചിട്ടും ഇതുവരെ തുടങ്ങാൻ നടപടിയില്ല.
ഐ.സി.യു ആംബുലൻസ് സൗകര്യമില്ല.
മെഡിക്കൽ കോളേജിലെ ലാബുൾപ്പെടെയുള്ള പല വകുപ്പുകൾക്കുമെതിരെ പരാതിയുയർന്നിട്ടും ഒന്നിനും പരിഹാരമില്ല.
നിലവിൽ ഒരു ഓപ്പറേഷൻ തിയേറ്റർ മാത്രമാണുള്ളത്.
ആറോളം മോഡുലാർ തിയേറ്ററുകൾ അടങ്ങുന്ന കോംപ്ലക്സിന്റെ നിർമ്മാണം വർഷങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന നിസാര പരിക്കേറ്റവരെ പോലും കോട്ടയം മെഡിക്കൽ കോളേജിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റുന്ന ഭരണസംവിധാനത്തിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരെ ഒഴിവാക്കിയാൽ തന്നെ നൂറോളം അനുഭവസമ്പന്നരായ ഡോക്ടർമാരുണ്ട്.
എന്നാൽ, പ്രാധാന്യമില്ലാത്ത വിഭാഗങ്ങളിൽ ആവശ്യത്തിലേറെ ജീവനക്കാരെ നിയമിക്കുകയും,
അത്യാവശ്യ വിഭാഗങ്ങളിൽ ആവശ്യത്തിന് ആളില്ലാതിരിക്കുകയും ചെയ്യുന്നതാണ് പ്രതിസന്ധിക്ക് കാരണം.
പ്രധാന ഡോക്ടർമാർ അവധിയിലായാൽ ചികിത്സ പൂർണ്ണമായും തടസപ്പെടുന്ന അവസ്ഥയാണ്.






