ഇടുക്കി: കട്ടപ്പനയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍.
അസം സ്വദേശികളായ പ്രദീപ് ദാസ് (26), ഭാര്യ ശിമദാസ് (28), ഇടനിലക്കാരനായ ജാഡു ഗോഗി (39) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.കട്ടപ്പന വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് കുഞ്ഞിനെ കൈമാറാൻ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന പൊലീസാണ് ഇവരെ പിടികൂടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുട്ടിയെ വില്ക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആണ്‍കുഞ്ഞിനെയാണ് ഇവർ 2.5 ലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമിച്ചത്.ഇടുക്കി കഞ്ഞിക്കുഴിയില്‍ ജോലി ചെയ്തുവരികയായിരുന്നു പിടിയിലായ അസം സ്വദേശികളായ ദമ്പതികള്‍. ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ അസമിലെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.






