ഇടുക്കി: ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിൽ കാട്ടാന ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ
രാത്രി ആളുകൾ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ.
വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ ആളുകൾ പുറത്തിറങ്ങരുതെന്നാണ് കളക്ടറുടെ ഉത്തരവിലുള്ളത്.
രാത്രികാലങ്ങളിൽ തോട്ടങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും നിർദേശമുണ്ട്.
പ്രദേശത്തെ അപകടസാധ്യതകളെക്കുറിച്ച് ധാരണയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾ രാത്രികാലങ്ങളിൽ സുരക്ഷാ
സംവിധാനങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് നടപടി.
ചിന്നക്കനാലിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഭരണകൂടം ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയത്.
ആനത്താരകളിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് പുതിയ നിയന്ത്രണം.






