കോട്ടയം: മഴക്കാലത്ത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന അപകടക്കെണിയായി മാറിയിരിക്കുകയാണ് കോട്ടയം ഈരയിൽക്കടവ് – മണിമുഴ ബൈപ്പാസ് റോഡ്. ഇരുവശവും വളർന്നുനിൽക്കുന്ന കാഴ്ച്ചമറക്കുന്ന കാട്ടുപുല്ലുകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നു. പുല്ല് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നതിനാൽ എതിർദിശയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ പോലും കഴിയാത്ത അവസ്ഥയാണ്.
മഴക്കാലം ശക്തമായതോടെ പുല്ലുകളുടെ വളർച്ച വർധിച്ചതാണ് പ്രശ്നം കൂടുതൽ രൂക്ഷമാക്കിയത്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഏറെ ആശങ്കയോടെയാണ് ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നത്. റോഡരികിലെ മുന്നറിയിപ്പ് ബോർഡുകളും പല ഭാഗങ്ങളിലും പുല്ലിനിടയിൽ മറഞ്ഞുകിടക്കുന്ന അവസ്ഥയാണ്. മാത്രവുമല്ല നടപ്പാതകളിൽ ഇടയ്ക്കിടെ ഇഴജന്തുക്കളെ കാണാൻ ഇടയാകുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നു.
നഗരസഭ അധികൃതരുടെ ശ്രദ്ധയിൽ വിഷയം പലതവണപ്പെടുത്തിയിട്ടും പുല്ല് വെട്ടി നീക്കാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി റോഡരികിലെ കാട്ടുപുല്ലുകൾ നീക്കി യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മാത്രവുമല്ല മഴ ശക്തമായാൽ റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന ഒരു അവസ്ഥയുമുണ്ട്. വെള്ളം ഒഴിക്കി പോകാൻ കൃതമായ ഓടയില്ലാത്തതാണ് ഇതിന് കാരണം.
റോഡ് കാടുപ്പിടിച്ചതിനാൽ പുല്ലിനെ മറയാക്കി ആളുകൾ ശുചിമുറി മാലിന്യങ്ങൾ അടക്കമുള്ള കൊണ്ട് തള്ളാറുമുണ്ടെന്നും നാട്ടുകാർ പറയുന്നു.






