തെഹ്റാൻ : ഇറാനും അമേരിക്കയും പരസ്പരം വെല്ലുവിളി തുടരവെ ഹോർമൂസ് കടലിടുക്കിൽ എണ്ണഗതാഗതം ഏറെക്കുറെ നിലച്ച നിലയിലാണ്. നേരത്തെ ഒമാൻ്റെ തെക്കൻതീരം വഴി എണ്ണകപ്പലുകൾക്ക് സഞ്ചരിക്കാനായി ഒരു രഹസ്യ ഇടനാഴി സൃഷ്ടിച്ചതായും ബാരൽകണക്കിന് എണ്ണ ദിനം പ്രതി ഇതുവഴി കടത്തുന്നതായും അമേരിക്ക അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഹോർമൂസ് വഴി സുഗമമായ കപ്പൽ ഗാതാഗതം നടക്കുന്നില്ലെന്ന് തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നത്.
അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന എണ്ണക്കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഇറാനെതിരായ സാമ്പത്തിക ഉപരോധവും ഹോർമൂസിലെ കപ്പൽ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച കടലിടുക്കിലൂടെ ചരക്കുമായി സഞ്ചരിച്ചത് വെറും നാല് കപ്പലുകൾ മാത്രമാണെന്നാണ് കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
അവയിൽ വലിയ ക്രൂഡ് ഓയിൽ ടാങ്കറുകളോ എൽഎൻജി കപ്പലുകളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇറാഖിന്റെ ആവർത്തിച്ചുള്ള അഭ്യർഥനയെ തുടർന്ന് ചില ഇറാഖി എണ്ണക്കപ്പലുകൾക്ക് പ്രത്യേക അനുമതി നൽകി ഹോർമൂസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയതായി സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഹോർമൂസ് കടലിടുക്കിലൂടെ ദിവസേന ശരാശരി എട്ട് ദശലക്ഷം ബാരൽ എണ്ണ മാത്രമാണ് ഇപ്പോൾ കടന്നുപോകുന്നതെന്നാണ് അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. യുദ്ധത്തിന് മുമ്പ് ഇത് പ്രതിദിനം 20 ദശലക്ഷം ബാരലിലേറെയായിരുന്നു. ലോകത്ത് ഉപയോഗിക്കുന്ന അഞ്ചിലൊന്നും യുദ്ധത്തിന് കടന്ന് പോയിരുന്നത് ഹോർമൂസ് വഴിയായിരുന്നു.






