തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഹണിട്രാപ്പ് കേസിൽ പ്രതിയായ റോഷ്നിക്കെതിരെ ഗുരുതര ആരോപണങ്ങൾ. പ്രലോഭനങ്ങളില്‍ വീഴ്ത്തി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് യുവതിക്കും സുഹൃത്തുക്കൾക്കും എതിരെ ഗുരുതര ആരോപണങ്ങൾ പുറത്തു വരുന്നത്. യുവതിയും സുഹൃത്തുക്കളും ഉള്‍പ്പെടെ നാലംഗ സംഘത്തിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.
നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോള് ജിബിൻ, അഭിഷേക് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
പരാതിക്കാരനായ വിജയകുമാറിനെ കെണിയില്‍ വീഴ്ത്തിയ സംഘം ഭീഷണിപ്പെടുത്തി കോടികളാണ് തട്ടിയെടുത്തത്. കമ്പനിയുടെ ലാഭവിഹിതത്തിന് പുറമെ ഫ്ലാറ്റും വിലകൂടിയ സ്ഥലവും സ്വർണ്ണാഭരണങ്ങളും പ്രതികള്‍ വ്യവസായിയില്‍ നിന്ന് ഭീഷണിപ്പെടുത്തി എഴുതിവാങ്ങി. എന്നാല്‍ ഇതിനുശേഷവും പ്രതികളുടെ പണത്തോടുള്ള ആർത്തി അടങ്ങിയില്ലെന്നും കൂടുതല്‍ തുക ആവശ്യപ്പെട്ട് വ്യവസായിയെ നിരന്തരം സമ്മർദ്ദത്തിലാക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ വ്യവസായിയുടെ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. കൂടാതെ ഭാര്യയെ അന്തർസംസ്ഥാന സെക്സ് റാക്കറ്റിന് വില്‍ക്കുമെന്നും പ്രതികള്‍ ഭയപ്പെടുത്തിയതായി വിജയകുമാറിന്റെ പരാതിയിലുണ്ട്.
തുടർച്ചയായ ഭീഷണികള്‍ക്കൊടുവില്‍ സഹിക്കെട്ടാണ് വ്യവസായി വഞ്ചിയൂർ പൊലീസിനെ സമീപിക്കാൻ തയ്യാറായത്. പരാതി ലഭിച്ചതിന് പിന്നാലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






