തിരുവനന്തപുരം: പരിഹരിക്കാതെ കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും അടിയന്തരമായി തീർപ്പാക്കാൻ പ്രത്യേക സർവ്വീസ് ക്ലിനിക്ക് സംഘടിപ്പിക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രത്യേക സർവ്വീസ് ക്ലിനിക്ക് സംഘടിപ്പിക്കുക.
പെൻഷൻ, പ്രൊമോഷൻ, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍, തുടങ്ങിയ കാര്യങ്ങളിലെ തടസങ്ങള്‍ പരിഹരിച്ച് ഫയലുകള്‍ സമയബന്ധിതമായി തീർപ്പാക്കുകയാണ് സർവ്വീസ് ക്ലിനിക്കിന്റെ ലക്ഷ്യം. കൃത്യമായ നിയമോപദേശം നല്കി ഫയല്‍ തീർപ്പാക്കുന്നത് വേഗത്തിലാക്കാനാണ് സംരംഭം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
സെപ്റ്റംബർ 23 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സർവീസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നടക്കും. അനക്സ് 2 സെക്രട്ടേറിയേറ്റിലെ ലയം ഹാളില്‍ ആയിരിക്കും ചടങ്ങുകള്‍ നടക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഒന്നിടവിട്ടുള്ള ശനിയാഴ്ച്ചകളിലാണ് ക്ലിനിക്ക് നടത്തുന്നത്. സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കാനും, ഭരണനിർവ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനും സർവ്വീസ് ക്ലിനിക്ക് കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തല്‍.






