കൊച്ചി: ഹൈക്കോടതിയിലെ ജഡ്ജിമാര്‍ പദവിയിലും അധികാരത്തിലും തുല്യരാണെന്നും ഒരു ബെഞ്ചിനും മറ്റൊരു ബെഞ്ചില്‍ മേല്‍നോട്ടത്തിനുള്ള അധികാരമില്ലെന്നും കേരള ഹൈക്കോടതി.
കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന് കുറഞ്ഞ അംഗബലമുള്ള ബെഞ്ചിനെ ഉപദേശിക്കാനോ വിമര്‍ശിക്കാനോ അധികാരമില്ല. ജുഡീഷ്യല്‍ അച്ചടക്കവും പരസ്പര ബഹുമാനവുമാണ് നീതിന്യായ സംവിധാനത്തിന്റെ ശക്തിയെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
ജഡ്ജിമാര്‍ തമ്മിലുള്ള ബന്ധം മേല്ക്കോയ്മയുടേതല്ല, തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റേതുമാകണമെന്ന് കോടതി വ്യക്തമാക്കി.
സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം ഒരേ അധികാരപരിധിയിലാണ് പ്രവര്‍ത്തിക്കുന്നത്.
അപ്പീല്‍ പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചിന് സിംഗിള്‍ ബെഞ്ചിന്റെ വിധിയോട് വിയോജിക്കാനും മതിയായ കാരണങ്ങളുണ്ടെങ്കില്‍ അത് റദ്ദാക്കാനോ തിരുത്താനോ അധികാരമുണ്ട്.
എന്നാല്‍, വിധി പുറപ്പെടുവിച്ച ജഡ്ജിയെ ഉപദേശിക്കാനോ വിമര്‍ശിക്കാനോ ഈ അധികാരം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.






