എറണാകുളം : കണ്ണൂര്‍ ചെറുപുഴ മീന്തുള്ളി പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് വെടിഞ്ഞ തിരുവനന്തപുരം സ്വദേശിയും നീന്തല്‍ പരിശീലകനുമായ ആര്. രാജേഷിന്റെ സമാനതകളില്ലാത്ത ത്യാഗത്തെ അനുസ്മരിച്ച് ഹൈക്കോടതി. 'തന്റെ ജീവനേക്കാളേറെ മറ്റൊരാളെ സ്നേഹിച്ച് സ്വന്തം ജീവന് ബലിനല്‍കിയ ആര്. രാജേഷ് എന്ന ശുദ്ധാത്മാവിന്റെ ധീരതയ്ക്ക് മുന്നില്‍ ഹൈക്കോടതി അത്യാദരവോടെ ശിരസ്സ് നമിക്കുന്നു; അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആഴത്തിലുള്ള ദുഃഖത്തിലും കണ്ണീരിലും ആണ്ട കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനയോടെ ഈ കോടതിയും നില്ക്കുന്നു' ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹൈക്കോടതി ഉത്തരവില്‍ കുറിച്ച വരികൾ ഇങ്ങനെയാണ്.
മഴക്കാലത്ത് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് അമിസി ക്യൂറിമാര്‍ കണ്ണൂരിലുണ്ടായ ഈ ദാരുണ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കണ്ണൂര്‍ മീന്തുള്ളി ദ്വീപിന് സമീപം കഴിഞ്ഞ ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് രാജേഷ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു വ്യക്തിയുടെ ജീവന് ഉറപ്പാക്കാന്‍ താന്‍ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് അഴിച്ചു നല്കിയ ശേഷം നീന്തിയ രാജേഷ് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.
രാജേഷിന്റെ വിയോഗത്തോടെ അദ്ദേഹത്തിന്റെ കുടുംബം ആഴത്തിലുള്ള ദുഃഖത്തിലേക്കും നിരാശയിലേക്കുമാണ് വീണിരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങളിലൂടെ ഈ വിവരങ്ങള്‍ അറിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. രാജേഷിന്റെ കുടുംബത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ വാക്കുകള്‍ നിശ്ചലമാകുകയാണെന്നും അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്ത പരമോന്നത ഒന്നാണെന്നും കോടതി അഭിപ്രായപ്പെട്ടു. രാജേഷിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കണമെന്നും കോടതി ഉത്തരവിലൂടെ ആവശ്യപ്പെട്ടു.






