ന്യൂഡല്‍ഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സമാന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളിലെയും അരുവികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഒഡീഷയിലെ മയൂര്ഭാഞ്ചില് ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ നിര്‍ത്താതെ പെയ്യുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ്.
സിക്കിമില്‍ ഉണ്ടായ ശക്തമായ ഉരുള്‍പ്പൊട്ടലിന് പിന്നാലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഡല്‍ഹിയിലും അടുത്ത ആറുദിവസം കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടില്‍ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ 27 ദിവസമായി വെള്ളക്കെട്ട് തുടരുകയാണ്. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ ഭലേസ ഗന്ധോഹ് പ്രദേശത്ത് പ്രളയ സമാന സാഹചര്യമാണുള്ളത്. മാര്‍ക്കറ്റ്, റോഡുകള്‍, ഓടകള്‍, നദികള്‍ എന്നിവയിലെല്ലാം വെള്ളം നിറഞ്ഞു. ചീനാബ് നദി ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ ദുരിത സമാന സാഹചര്യത്തിലാണ്.
ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മയൂര്‍ഭഞ്ച് ജില്ലയില്‍ പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപപ്പെട്ട ന്യൂനമര്‍ദം മഴ കനക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. മഴക്കെടുതി നേരിടുന്ന ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.






