പെട്ടെന്ന് നിലത്തേക്ക് ഒരാൾ കുഴഞ്ഞുവീഴുമ്പോള്‍ ഹൃദയാഘാതമാണ് എന്ന് പരിഭ്രാന്തിയോടെ വിളിച്ചുപറഞ്ഞ് ഓടിക്കൂടുകയാണ് നാം സാധാരണയായി ചെയ്യാറുള്ളത്.
എന്നാല്‍ വൈദ്യശാസ്ത്രപരമായി ഹൃദയാഘാതവും (Heart Attack) ഹൃദയസ്തംഭനവും (Cardiac Arrest) തീർത്തും വ്യത്യസ്തമായ രണ്ട് അടിയന്തര സാഹചര്യങ്ങളാണ്. ഇവ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുള്ളതാണ് പലപ്പോഴും ശരിയായ പ്രഥമശുശ്രൂഷ വൈകുന്നതിനും ജീവൻ അപകടത്തിലാകുന്നതിനും പ്രധാന കാരണമാകുന്നത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്നതും ഹൃദയമിടിപ്പ് പെട്ടെന്ന് നിന്നുപോകുന്നതും തമ്മിലുള്ള ഈ സൂക്ഷ്മമായ വ്യത്യാസം തിരിച്ചറിയുന്നത് അടിയന്തിര ഘട്ടങ്ങളില്‍ കൃത്യവും വേഗത്തിലുള്ളതുമായ തീരുമാനമെടുക്കാൻ സഹായിക്കും.
ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളില്‍ എത്തുന്ന പല രോഗികളിലും രോഗിയുടെ ജീവൻ തീരുമാനിക്കപ്പെടുന്നത് ആശുപത്രിയിലേക്കുള്ള ദൂരമല്ല മറിച്ച് അപകടസ്ഥലത്തുവെച്ച് ലഭിച്ച പ്രഥമശുശ്രൂഷയാണ്. അപകടത്തിലായ വ്യക്തിക്ക് ആവശ്യമുള്ളത് ഉടനടി ആശുപത്രിയില്‍ എത്തിക്കുകയാണോ അതോ സംഭവസ്ഥലത്തുവെച്ചുതന്നെ നല്‍കേണ്ട സി.പി.ആർ (CPR) ആണോ എന്ന് തിരിച്ചറിയുന്നത് ജീവൻരക്ഷയില്‍ അത്യന്താപേക്ഷിതമാണ്. ഹൃദയത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന ഈ രണ്ട് ഗുരുതര തകരാറുകളെക്കുറിച്ചും അടിയന്തിരമായി നല്‍കേണ്ട ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ വശങ്ങള് താഴെ വിവരിക്കുന്നു.
എന്താണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും?
ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ ബ്ലോക്ക് ഉണ്ടാകുമ്പോള്‍ ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും ആ ഭാഗത്തെ കോശങ്ങള്‍ നശിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ശ്രദ്ധിക്കുക ഈ സമയത്ത് രോഗി ബോധവാനായിരിക്കും.
എന്നാല്‍ ഹൃദയ മിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ സിഗ്നലുകളിലുണ്ടാകുന്ന തകരാറ് കാരണം ഹൃദയമിടിപ്പ് അസ്വാഭാവികമാവുകയും പെട്ടെന്ന് പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി തലച്ചോറിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുന്നു.
രോഗലക്ഷണങ്ങളിലെ വ്യത്യാസങ്ങള്‍
ഈ രണ്ട് അവസ്ഥകളെയും ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും:
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍
നെഞ്ചിന്റെ നടുവിലായി അനുഭവപ്പെടുന്ന കഠിനമായ ഭാരവും വേദനയും. ഈ വേദന ഇടതുകൈ, കഴുത്ത്, താടി, പുറം ഭാഗം എന്നിവിടങ്ങളിലേക്ക് പടരാം).
അമിതമായ ശ്വാസംതടസ്സവും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും.
അമിതമായി വിയർക്കുക, തലകറക്കം, ഛർദ്ദി.
പ്രധാനം: ഹൃദയാഘാതം സംഭവിക്കുമ്പോള്‍ രോഗി ബോധത്തോടെയിരിക്കുകയും സംസാരിക്കുകയും ചെയ്തേക്കാം.
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍:
രോഗി പെട്ടെന്ന് കുഴഞ്ഞുവീഴുക.
പൂർണ്ണമായും ബോധം നഷ്ടപ്പെടുക.
ശ്വാസോച്ഛ്വാസം പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥ അഥവാ അസ്വാഭാവികമായ ശ്വാസമെടുപ്പ് മാത്രം വ്യക്തിയില്‍ കാണപ്പെടുക.
നാഡിമിടിപ്പ് (പള്‍സ്) ഇല്ലാത്ത അവസ്ഥ.
അടിയന്തിര ഘട്ടത്തില്‍ എന്ത് ചെയ്യണം?
ഒരു വ്യക്തി കുഴഞ്ഞുവീഴുന്നത് കണ്ടാല്‍ സമയം കളയാതെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാൻ ശ്രദ്ധിക്കുക:
രോഗിയുടെ തോളില്‍ തട്ടി വിളിച്ച് പ്രതികരണമുണ്ടോ എന്ന് നോക്കുക.
അടിയന്തിര വൈദ്യസഹായം ഉറപ്പാക്കാൻ ഉടൻ തന്നെ ആംബുലൻസ് വിളിക്കുക.
ബോധമില്ലെങ്കില്‍ ശ്വാസമെടുക്കുന്നുണ്ടോ എന്നും കഴുത്തില്‍ നാഡിമിടിപ്പും (പള്‍സ്) സൂക്ഷ്മമായി നിരീക്ഷിക്കുക.
സി.പി.ആർ ആരംഭിക്കുക: രോഗിക്ക് പള്‍സും ശ്വാസവുമില്ലെങ്കില്, അത് കാർഡിയാക് അറസ്റ്റാണെന്ന് ഉറപ്പിക്കാം. സമയം കളയാതെ നെഞ്ചിന്റെ മദ്ധ്യഭാഗത്തായി കൈകള്‍ അമർത്തി സി.പി.ആർ നല്കാൻ ആരംഭിക്കുക.
ശ്രദ്ധിക്കുക: രോഗിക്ക് ബോധമുണ്ടാവുകയും എന്നാല്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അത് ഹൃദയാഘാതമാണ് രോഗിയെ വിശ്രമിക്കാൻ അനുവദിക്കുകയും ഉടനടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുക. ബോധമുള്ള വ്യക്തിക്ക് സി.പി.ആർ നല്കാൻ പാടില്ല.
സി.പി.ആർ: ഘട്ടം ഘട്ടമായി അറിയാം
ഹൃദയസ്തംഭനം സംഭവിച്ച ഒരാള്‍ക്ക് കൃത്രിമ ശ്വാസം നല്കുന്ന സങ്കീർണ്ണമായ രീതികള്‍ ചെയ്യാൻ അടിയന്തിര ഘട്ടങ്ങളില്‍ സാധാരണക്കാർ മടിച്ചേക്കാം. എന്നാല്‍ ശ്വാസം നല്‍കാതെ കൈകള്‍ മാത്രം ഉപയോഗിച്ച് നല്കുന്ന കൈകള്‍ മാത്രം ഉപയോഗിച്ചുള്ള സി.പി.ആർ വഴി ഏതൊരു വ്യക്തിക്കും ജീവൻ രക്ഷിക്കാൻ സാധിക്കും. അപകടസ്ഥലത്തുവച്ച് താഴെ പറയുന്ന ലളിതമായ ഘട്ടങ്ങള്‍ കൃത്യമായി പാലിക്കുക:
വ്യക്തി വീണു കിടക്കുന്ന സ്ഥലം ആദ്യമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. അതിനുശേഷം വ്യക്തിയുടെ തോളില്‍ തട്ടി ഉറക്കെ വിളിച്ച് പ്രതികരണമുണ്ടോ എന്ന് നോക്കുക.
വ്യക്തി പ്രതികരിക്കുന്നില്ലെങ്കില്‍ സമയം കളയാതെ സഹായത്തിനായി വിളിക്കുക. ആംബുലൻസിനായി (108 അഥവാ 102) വിളിക്കാനോ, നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ ഫോണ്‍ സ്പീക്കറിലിട്ട് ആംബുലൻസിന് വിളിച്ചുകൊണ്ട് തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
നെഞ്ചിന്റെ ചലനം നിരീക്ഷിച്ച് വ്യക്തി സാധാരണ രീതിയില്‍ ശ്വസിക്കുന്നുണ്ടോ എന്നും കഴുത്തില്‍ വിരല്‍ വെച്ച് പള്‍സ് മിടിക്കുന്നുണ്ടോ എന്നും10 സെക്കന്റിനുള്ളില്‍ പരിശോധിക്കുക.
വ്യക്തിയെ ഉറപ്പുള്ളതും നിരപ്പുള്ളതുമായ തറയില്‍ മലർത്തിക്കിടത്തുക. തുടർന്ന് നിങ്ങളുടെ ഒരു കൈപ്പത്തിയുടെ താഴ്ഭാഗം വ്യക്തിയുടെ നെഞ്ചിന്റെ മധ്യഭാഗത്ത് വെക്കുക. അടുത്ത കൈ ഇതിനു മുകളില്‍ വെച്ച് വിരലുകള്‍ തമ്മില്‍ കോർത്തു പിടിക്കുക.
നിങ്ങളുടെ കൈമുട്ടുകള്‍ വളയ്ക്കാതെ പൂർണ്ണമായും നിവർത്തിപ്പിടിച്ച് തോളിലെ ശരീരഭാരം ഉപയോഗിച്ച് നെഞ്ചിന്റെ മധ്യഭാഗം 2 ഇഞ്ച് ആഴത്തില്‍ താഴേക്ക് അമർത്തുക. മിനിറ്റില്‍ 100 മുതല്‍ 120 തവണ എന്ന വേഗതയില്‍ തുടർച്ചയായി അമർത്തുക. അമർത്തിയ ശേഷം അടുത്ത തവണ അമർത്തുന്നതിന് മുമ്പ് നെഞ്ച് പൂർണ്ണമായി പഴയനിലയിലേക്ക് ഉയരാൻ സമയം നല്‍കണം.
ആംബുലൻസോ വിദഗ്ദ്ധ വൈദ്യസഹായമോ ലഭിക്കുന്നതുവരെയോ വ്യക്തിക്ക് ശ്വാസവും പള്‍സും തിരിച്ചുകിട്ടുന്നതുവരെയോ അമർത്തുന്നത് തുടരുക.
പ്രതിരോധ മാർഗ്ഗങ്ങള്‍
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള അപകടസാദ്ധ്യതകള്‍ കുറയ്ക്കുന്നതിനും താഴെ പറയുന്ന കാര്യങ്ങള്‍ ശീലമാക്കുക:
രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക: ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവ നിയന്ത്രണവിധേയമായി നിലനിർത്തുക.
പുകവലിയും മദ്യപാനവും ഒഴിവാക്കുക: പുകവലി ധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണം: എണ്ണമയവും കൊഴുപ്പ് കുറഞ്ഞതും, നാരുകളും പച്ചക്കറികളും ധാരാളമടങ്ങിയതുമായ ഭക്ഷണം കഴിക്കുക.
കൃത്യമായ വ്യായാമം: ദിവസവും നടക്കുകയോ ലളിതമായ വ്യായാമങ്ങളില്‍ ഏർപ്പെടുകയോ ചെയ്യുക.
മാനസിക സമ്മർദ്ദം കുറയ്ക്കുക: യോഗ, ധ്യാനം എന്നിവയിലൂടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.
ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ശരിയായ സമയത്ത് ശരിയായ രീതിയില്‍ പ്രതികരിക്കാൻ നമ്മെ സഹായിക്കും. ഹൃദയസ്തംഭനം സംഭവിച്ച ഒരാള്‍ക്ക് ആദ്യത്തെ ഏതാനും മിനിറ്റുകളില്‍ ലഭിക്കുന്ന സി.പി.ആർ ആ വ്യക്തിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. അതിനാല്‍ ഭയം കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ മുന്നോട്ടുവരാനും സി.പി.ആർ നല്‍കാനും ഓരോ പൗരനും സന്നദ്ധരാകണം. നിങ്ങളുടെ കൃത്യസമയത്തുള്ള ഇടപെടല്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ നിലനിർത്തിയേക്കാം.






