തിരുവനന്തപുരം: ആരോഗ്യവകുപ്പ് കെ. മുരളീധരന്റെ കൈകളിലായതോടെ വകുപ്പില്‍ തുടർച്ചയായി പ്രശ്നങ്ങളാണെന്ന് സംയുക്ത വാർത്താസമ്മേളനത്തില്‍ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ.
വീണാ ജോർജ്, ശൈലജ ടീച്ചർ, പി.കെ ശ്രീമതി എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.
എസ്എംഎ മരുന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണമെന്നും ആശങ്ക അകറ്റണമെന്നും അവർ പറഞ്ഞു. കുട്ടികളില്‍ ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്ന് എങ്ങനെ പ്രയോഗിച്ചുവെന്നും അവർ ചോദിച്ചു.
ആശുപത്രികളെ വൻകിട മുതലാളിമാർ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യം നിലനിന്നില്ലെങ്കില്‍ സാധാരണക്കാർ ചികിത്സാ ചെലവ് താങ്ങാൻ ആകാതെ ബുദ്ധിമുട്ടുമെന്നും അവർ പറഞ്ഞു.
മരുന്നു കമ്പനികളുമായുള്ള കെ. മുരളീധരന്റെ ബന്ധം അന്വേഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
എസ്എംഎ ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുവാക്കിയെന്നും ഇതാണ് രക്ഷിതാക്കള്‍ക്ക് ആശങ്ക ഉണ്ടാക്കാൻ കാരണമായതെന്നും സുതാര്യമല്ലാതെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചതെന്നും വീണ ജോർജ് പറഞ്ഞു.
ആരോഗ്യവകുപ്പ് കെ. മുരളീധരൻ ചോദിച്ചു വാങ്ങിയെന്നും, നിസാരം എന്നാണ് മുരളീധരൻ പറഞ്ഞതെന്നും വന്ന് കഴിഞ്ഞ മുതല്‍ വകുപ്പില്‍ പ്രശ്നങ്ങള്‍ തുടങ്ങിയെന്നും വിമർശനം ഉന്നയിച്ചു. വിമർശനം ഉണ്ടാകാത്ത വകുപ്പ് അല്ല ആരോഗ്യ വകുപ്പെന്നും വിമർശനങ്ങളെ പരിഹാസത്തോടെ തങ്ങള്‍ ആരും കണ്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ ആരോഗ്യ വകുപ്പിന് എതിരെ ഉയർത്തുന്ന വിമർശനം വസ്തുതാപരമാണെന്നും നീതിബോധം ഇല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ആരോഗ്യ വകുപ്പ് മന്ത്രിയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് തവണ ആരോഗ്യ മന്ത്രിമാരായി 5 വർഷം പൂർത്തിയാക്കിയവരാണ് തങ്ങളെന്നും ഏവർക്കും അഭിമാനിക്കാൻ കഴിയുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കാൻ സാധിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ പത്ത് വർഷക്കാലമെന്നും ഈ കാലം കൊണ്ട് ആശുപത്രികളുടെ പരിതസ്ഥിതിയാകെ മാറിയെന്നും ഇതോടെ ലോകത്താകമാനം പ്രശംസ പിടിച്ചുപറ്റാൻ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് സാധിച്ചെന്നും അവർ കൂട്ടിച്ചേർത്തു.






