പക്ഷാഘാതത്തിന് ഓരോ മിനിറ്റും നിർണായകമാണ്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നത് ജീവൻ രക്ഷിക്കാനും സ്ഥിരമായ വൈകല്യങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
മുഖം കോടുക, കൈകാലുകള്‍ക്ക് ബലക്കുറവ്, സംസാരം കുഴയുക - ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം പോലും പാഴാക്കരുത്. ലോകമെമ്പാടും മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് പക്ഷാഘാതം. ദീർഘകാല വൈകല്യങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. പക്ഷാഘാതത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് 2026-ലെ ലോക പക്ഷാഘാത ദിനത്തിന്റെ സന്ദേശം.
തലച്ചോറിലേക്കുള്ള രക്തയോട്ടം രക്തക്കട്ട മൂലം തടസ്സപ്പെടുമ്പോഴോ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നത്. ആദ്യത്തേത് ഇസ്കീമിക് സ്ട്രോക്ക് എന്നും രണ്ടാമത്തേത് ഹെമറാജിക് സ്ട്രോക്ക് എന്നും അറിയപ്പെടുന്നു. രക്തവും ഓക്സിജനും ലഭിക്കാതെ വരുന്നതോടെ തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും അവ നശിക്കുകയും ചെയ്യുന്നു.
ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ഏകദേശം 19 ലക്ഷം മസ്തിഷ്ക കോശങ്ങള്‍ നശിക്കാം. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സമയം കൃത്യമായി ഓർത്തുവയ്ക്കുകയും അടിയന്തര ചികിത്സ ഉറപ്പാക്കുകയും വേണം. സംസ്ഥാന സർക്കാർ സ്ട്രോക്ക് ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. സർക്കാർ മെഡിക്കല്‍ കോളേജുകള്‍ മുതല്‍ താഴോട്ട് സ്ട്രോക്ക് ചികിത്സ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു.
ലക്ഷണങ്ങള്‍ തിരിച്ചറിയാൻ FAST
* F - Face (മുഖം): മുഖത്തിന്റെ ഒരു വശം കോടിപ്പോകുക; ചിരിക്കുമ്പോള്‍ മുഖത്തിന് അസമത്വം അനുഭവപ്പെടുക.
* A - Arm (കൈ): ഒരു കൈയ്ക്കോ കാലിനോ പെട്ടെന്ന് ബലക്കുറവുണ്ടാകുക; കൈ ഉയർത്താൻ കഴിയാതിരിക്കുക.
* S - Speech (സംസാരം): സംസാരം കുഴയുക, വാക്കുകള്‍ വ്യക്തമാകാതിരിക്കുക, മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ പ്രയാസമുണ്ടാകുക.
* T - Time (സമയം): ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടാല്‍ ഉടൻ അടിയന്തര ചികിത്സ തേടുക. സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുക.






