എത്ര തന്നെ ശ്രമിച്ചാലും മുടി വളരാത്ത ചിലരുണ്ട്. യൂട്യൂബില്‍ കാണുന്ന വിദ്യകള്‍ പലതും പരീക്ഷിച്ചിട്ടും യാതൊരു ഫലവും കാണാത്തവർ. ഇങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്നതാണ് ഉള്ളിത്തൊലി കൊണ്ട് തയ്യാറാക്കുന്ന ഒരു സൂത്രം. എത്ര മുടി വളരാത്തവർക്കും പനങ്കുല പോലുള്ള മുടി സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
സവാളയുടെ ഉണങ്ങിയ പുറംതൊലി വെള്ളത്തിലിട്ട് തിളപ്പിക്കണം. ശേഷം ഇത് തണുക്കുമ്പോള്‍ തലയോട്ടിയിലും മുടിയിലും ഒഴിച്ച് കഴുകാം. കുളിക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്. ശേഷം വീര്യം കൂടിയ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. മുടി നല്ല ആരോഗ്യത്തോടെയിരിക്കാനും കൊഴിച്ചില്‍ കുറയ്ക്കാനും ഇത് സഹായിക്കും. ശാസ്ത്രീയ തെളിവ്
2002ല്‍ ജേണല്‍ ഓഫ് ഡെർമറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഉള്ളി മുടിവളരാൻ നല്ലതാണ് കണ്ടെത്തിയിരുന്നു. കഷണ്ടിയുള്ള ആളുകളിലായിരുന്നു പരീക്ഷണം. രണ്ടുമാസം ദിവസവും രണ്ടുനേരം സവാളനീര് പുരട്ടിയവരില്‍ മുടി വളർന്നതായി കണ്ടു. എന്നാല്‍, സവാളയുടെ തൊലിയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നുമില്ല. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുടി വളരാൻ ഉള്ളിത്തൊലി സഹായകമാകും.






