തിരുവനന്തപുരം: എല്‍പിഎസ്ടി(ലോവർ പ്രൈമറി സ്കൂള്‍ ടീച്ചർ) ഉദ്യോഗാർഥികളുടെ സമരം തീർക്കാൻ സർക്കാർ.
ഉദ്യോഗാർഥികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ ചർച്ചചെയ്യും.
മന്ത്രിസഭാ യോഗത്തിന് ശേഷം സമരക്കാരുമായി ചർച്ച നടത്തും.
ഉദ്യോഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉദ്യോഗാർഥികളുടെ ചില ആവശ്യങ്ങളിലാണ് സർക്കാരിന് മുന്നില്‍ തടസ്സങ്ങളുണ്ടായിരുന്നത്. ഇതില്‍ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് പ്രധാന പ്രശ്നം. ഇതില്‍ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകള്‍ സർക്കാർ പരിഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:30ല്‍നിന്ന് കുറയ്ക്കുന്നത് സർക്കാർ സ്കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ഇത്തരത്തില്‍ ഇളവ് നല്‍കിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പില്‍നിന്നും അഭിപ്രായം തേടും.
2017-ല്‍ ഹൈസ്കൂള്‍ അധ്യാപകരുടെ അനുപാതം ഒരുവർഷത്തേക്ക് 1:45ല്‍നിന്ന് 1:40 ലേക്ക് മാറ്റിയിരുന്നു. ഇത്തരം ഇളവുകള്‍ എല്പിഎസ്ടിയിലും നല്‍കാനാണ് ആലോചന. ഈ ഇളവുകള്‍ നല്കിയാല് സമരം തീരാനാണ് സാധ്യത.
ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് മന്ത്രിസഭാ യോഗം. യോഗത്തില്‍ പുതിയ നിർദേശങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ചർച്ചയാകും. മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി ഉദ്യോഗാർഥികളുമായി ചർച്ച നടത്താനാണ് സാധ്യത.






