നിർമിത ബുദ്ധി (എഐ) മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനിടെ ചെലവുകള്‍ നിയന്ത്രിക്കാനുള്ള നീക്കവുമായി ഗൂഗിള്‍.
ഇതിന്റെ ഭാഗമായി അഞ്ച് രാജ്യങ്ങളിലെ ജീവനക്കാർക്ക് സ്വമേധയാ ജോലി രാജിവെച്ച് കമ്പനിയില്‍നിന്ന് പിരിഞ്ഞുപോകാനുള്ള അവസരം നല്‍കുകയാണ് ഗൂഗിള്‍. കമ്പനി വിടുന്നവർക്ക് സേവനകാലയളവിന് അനുസരിച്ചുള്ള സാമ്പത്തിക ആനുകൂല്യവും ലഭിക്കും. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ ജീവനക്കാർക്കാണ് പുതിയ പദ്ധതി ബാധകമാകുന്നത്. ജൂണിലാണ് ഗൂഗിള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചത്. എത്ര ജീവനക്കാർ ഈ അവസരം പ്രയോജനപ്പെടുത്തിയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഗൂഗിളിലെ എല്ലാ വിഭാഗം ജീവനക്കാർക്കും ഈ ഓഫർ ലഭ്യമല്ല. കമ്പനിയുടെ നിർമിതബുദ്ധി ഗവേഷണ വിഭാഗമായ ഡീപ്മൈൻഡിനെയും ഗൂഗിള്‍ ക്ലൗഡിനെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടതുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. നിർമിതബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകളില്‍ കൂടുതല്‍ ശക്തമാകാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. അതിനാല്‍ ഭാവിയിലെ വളർച്ചയ്ക്ക് നിർണായകമെന്ന് കരുതുന്ന വിഭാഗങ്ങളില്‍ നിയമനം വർധിപ്പിക്കുമ്പോള്‍ മറ്റ് ചില മേഖലകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യാനാണ് നീക്കം. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നിർമിതബുദ്ധി മേഖലയിലെ നിക്ഷേപം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപങ്ങള്‍ക്കൊപ്പം പ്രവർത്തനച്ചെലവുകളും നിയന്ത്രിക്കേണ്ട സാഹചര്യമാണുള്ളത്.
പദ്ധതിയുടെ ഭാഗമായി സ്വിറ്റ്സർലൻഡിലെ ജീവനക്കാർക്ക് ജൂണില്‍ ഓഫർ ലഭിച്ചിരുന്നു. ഇത് സ്വീകരിച്ചവർ ഓഗസ്റ്റ് മുതല്‍ കമ്പനി വിട്ടുതുടങ്ങിയതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകള്‍ പറയുന്നു. സ്വിറ്റ്സർലൻഡില്‍ ഏകദേശം 5,000 ഗൂഗിള്‍ ജീവനക്കാരാണുള്ളത്. സൂറിച്ചില്‍ കമ്പനിയുടെ പ്രധാന എൻജിനീയറിങ് കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ജോലിയില്‍ ചെലവഴിച്ച ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം എന്ന കണക്കിലാണ് പിരിഞ്ഞുപോകുന്നവർക്ക് ആനുകൂല്യം വാഗ്ദാനം ചെയ്തത്. പരമാവധി 12 മാസത്തെ ശമ്പളമാണ് ലഭിക്കുക. ഏകദേശം 50 ജീവനക്കാരുള്ള ഒരു ടീമില്‍നിന്ന് കുറഞ്ഞത് നാല് പേർ ഈ ഓഫർ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.






