കോട്ടയം : നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയും കുതിച്ച് കയറിയതോടെ ഇടത്തരം ഹോട്ടലുകള്‍ പ്രതിസന്ധിയില്‍.
ഇനി ശബരിമല സീസണും ആരംഭിക്കുകയാണ്. സർക്കാർ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ. നഷ്ടം സഹിച്ച് കട നടത്താൻ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
19 കിലോ വാണിജ്യ സിലിണ്ടറിന് 12.50 രൂപയാണ് കൂട്ടിയത്. ജില്ലയില്‍ വില 2868 രൂപയായി. ഒക്ടോബർ ഒന്നിന് 62.50 രൂപയും സെപ്തംബർ ഒന്നിന് 9.50 രൂപയും വർദ്ധിപ്പിച്ചിരുന്നു. 2025 ഡിസംബറില്‍ 1582 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 10 മാസം കൊണ്ട് 1286 രൂപയാണ് ഉയർന്നത്.
തുടർച്ചയായ വിലവർദ്ധന കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഭക്ഷ്യോത്പന്ന നിർമ്മാണ ചെറുകിട യൂണിറ്റുകള്‍ എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കും.
പാചകവാതക വില വർദ്ധനയുടെ പ്രതിഫലനം ഭക്ഷണവിലയിലും പ്രകടമാണ്. 60, 70 രൂപയായിരുന്ന ഉച്ചയൂണിന് ഇപ്പോള്‍ 90, 100 രൂപയായി. ചായയ്ക്കും എണ്ണക്കടികള്ക്കുമെല്ലാം വില ഉയർന്നു. ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കാതെ കച്ചവടം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. എന്നാല്‍ ഒറ്റയടിക്ക് വില വർദ്ധിപ്പിച്ചാല്‍ കച്ചവടം കുറയുമോയെന്ന ആശങ്കയും ചിലർക്കുണ്ട്. ഇടത്തരം ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഒരു ദിവസം മൂന്ന് മുതല്‍ അഞ്ചുവരെ സിലിണ്ടർ ആവശ്യമാണ്.






