ഡൽഹി: റയിൽവേ യാത്രക്കാരുടെ അതിരൂക്ഷമായ യാത്രാ ക്ലേശങ്ങളും കോട്ടയം ലോക്സഭാ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന റയിൽവേ സ്റ്റേഷനുകളുടെ വികസവും സംബന്ധിച്ചും കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
ഇത് സംബന്ധിച്ച നിവേദനം മന്ത്രിക്ക് നൽകിയപ്പോൾ ആണ് ഇക്കാര്യം എം.പിയെ അറിയിച്ചത്. നിവേദനത്തിൽ ആവശ്യപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സതേൺ റയിൽവേ ജനറൽ മാനേജരെ മന്ത്രി ചുമതലപ്പെടുത്തി. ഇത് അനുസരിച്ചുള്ള ചർച്ചകൾക്കായി സതേൺ റയിൽവേ മാനേജർ കോട്ടയത്ത് എത്തുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കോട്ടയത്ത് നിന്ന് വടക്കൻ ജില്ലകളിലേക്കുള്ള ട്രയിൻ യാത്ര വളരെ ദുഷ്കരമാണ്. ഇത് പരിഹരിക്കുവാൻ അടിയന്തിരനടപടി ഉണ്ടാകണം. കോട്ടയത്തേക്ക് പുതിയ ട്രയിൻ സർവീസുകൾ ആരംഭിക്കുക. എറണാകുളത്ത് യാത്ര അവസാനിക്കുന്ന ട്രയിനുകൾ കോട്ടയത്തേക്ക് നീട്ടുക.
എറണാകുളത്തിനും കോട്ടയത്തിനും ഇടയിലുള്ള സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിക്കുക. എന്നിവ അടങ്ങുന്ന വിശദമായ നിവേദനമാണ് മന്ത്രിക്ക് നൽകിയതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.






