2026 ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ആവേശകരമായ മത്സരത്തിൽ ആരാകും ആ കപ്പില്‍ മുത്തമിടുക എന്നാണ് ഇനി അറിയേണ്ടത്. അതറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.
ഇതിനിടെ മത്സരത്തിലെ റഫറിയിംഗിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഫൈനല്‍ നിയന്ത്രിക്കുന്ന റഫറി സ്ലാവോ വിൻസിച്ച് നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“റഫറിയുടെ പ്രകടനം ഈ മത്സരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്,” ലൂയിസ് ഡി ലാ ഫ്യൂന്റെ പറഞ്ഞു. സ്ലാവോ വിൻസിച്ച് നിയമങ്ങള്‍ക്കതീതമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ടൂർണമെന്റില്‍ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിയും (VAR) അർജന്റീനയെ സഹായിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്പെയിൻ പരിശീലകന്റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
സ്ലൊവേനിയക്കാരനായ സ്ലാവോ വിൻസിച്ചാണ് ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ വമ്പൻ പോരാട്ടം നിയന്ത്രിക്കുന്നത്. 46-കാരനായ വിൻസിച്ചിന്റെ കരിയറിലെ ആറാമത്തെ ലോകകപ്പ് മത്സരമാണിത്. 2022-ലെ ഖത്തർ ലോകകപ്പില്‍ അർജന്റീന സൗദി അറേബ്യയോട് 2-1 ന് പരാജയപ്പെട്ട മത്സരം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. ആ മത്സരത്തില്‍ വിൻസിച്ച് അർജന്റീനയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി അനുവദിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12:30-നാണ് സ്പെയിനും അർജന്റീനയും തമ്മിലുള്ള കലാശപ്പോരാട്ടം നടക്കുന്നത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ റഫറിയുടെ ഓരോ തീരുമാനവും നിർണ്ണായകമാകും.






