തിരുവനന്തപുരം: ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണം വർധിപ്പിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗല് മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.
2021 ല് നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടണ് ആയിരുന്നത് ഈ വർഷം അഞ്ച് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടണ്ണായി ചുരുങ്ങി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
വഴുതക്കാട് മൗണ്ട് കാർമല് ഹാളില് ലോക ഭക്ഷ്യ ദിനാഘോഷവും സപ്ലൈകോ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭക്ഷ്യഭദ്രത എന്ന ലക്ഷ്യം മുൻനിർത്തി പൊതുവിതരണവകുപ്പിന്റെ സമഗ്രമായ നവീകരണവും ശാക്തീകരണവും നടപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകള് ഉള്ള നാടായി കേരളം മാറുകയാണ്. ടൈഡ് ഓവർ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള് കേന്ദ്രസർക്കാരിന് മുന്നില് വെച്ചിട്ടുണ്ട്.
സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയില് ലക്ഷ്യമിട്ട മുൻഗണന കാർഡുകള് കൊടുക്കുക, സഞ്ചരിക്കുന്ന റേഷൻ കടകള് ആദിവാസി മേഖലകളിലേക്ക് എത്തിക്കുക, പുതിയ ആധുനിക സ്റ്റോറുകള് തുടങ്ങുക മുതലായ എല്ലാ പദ്ധതികളും വകുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.






