ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സെപ്റ്റംബർ ഒന്നുമുതല്‍ എമിഗ്രേഷൻ നടപടികളില്‍ സുപ്രധാന മാറ്റം.
ഇനി മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പേപ്പർ ബോർഡിംഗ് പാസ് (ഫിസിക്കല്‍ ബോർഡിംഗ് പാസ്) നിർബന്ധമല്ലെന്ന് എമിഗ്രേഷൻ ബ്യൂറോ അറിയിച്ചു. ഫിസിക്കല്‍ ബോർഡിംഗ് പാസ് നിർബന്ധമായി ഹാജരാക്കുകയോ അതില്‍ സ്റ്റാമ്പ് പതിപ്പിക്കുകയോ ചെയ്യുന്ന രീതി ഇനിമുതല്‍ ഉണ്ടാകില്ല. പകരം യാത്രക്കാർക്ക് മൊബൈല്‍ ഫോണിലോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളിലോ ഉള്ള ഇ-ബോർഡിംഗ് പാസ് കാണിച്ച് എമിഗ്രേഷൻ ക്ളിയറൻസ് നേടാം.
രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പുതിയ സംവിധാനം സെപ്തംബർ ഒന്നുമുതല്‍ നിലവില്‍ വരും. ബ്യൂറോ ഓഫ് എമിഗ്രേഷൻ ഇതിനുള്ള നിർദേശം അന്താരാഷ്ട്ര വിമാനത്താവള ഏജൻസികള്‍ക്കും സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനും നല്‍കിയിട്ടുണ്ട്. നിലവില്‍ എമിഗ്രേഷൻ ക്ലിയറൻസിനായി യാത്രക്കാർ ഫിസിക്കല്‍ ബോർഡിംഗ് പാസ് ഹാജരാക്കുകയും ഉദ്യോഗസ്ഥർ അതില്‍ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്.
ഈ നടപടി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തെറ്റായ രീതിയിലുള്ള സ്റ്റാമ്പിംഗ് കാരണം ബോർഡിംഗ് പാസിലെ വിവരങ്ങള്‍ വായിക്കുന്നതില്‍ പിഴവുകള്‍ സംഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നതിനെ തുടർന്നാണ് പുതിയ മാറ്റം. അതേസമയം, ഫിസിക്കല്‍ ബോർഡിംഗ് പാസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടർന്നും എമിഗ്രേഷൻ കൗണ്ടറില്‍ ഹാജരാക്കാൻ സാധിക്കും. എന്നാല്‍ ഇവയില്‍ ഇനി മുതല്‍ സ്റ്റാമ്പ് പതിക്കുന്ന രീതി ഒഴിവാക്കും. പുതിയ മാറ്റത്തെക്കുറിച്ച് ജീവനക്കാരെ ബോധവത്ക്കരിക്കുന്നതിനായി വിമാനത്താവള-വ്യോമയാന മേഖലയിലെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.






