റിയാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തില് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകള്ക്ക് നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
ഈ മാസം 24 വരെ ജിദ്ദ, ദമാം, എന്നിവിടങ്ങളിലേക്കും അവിടെന്ന് തിരിച്ചുള്ള സർവീസുകളാണ് താല്ക്കാലികമായി നിർത്തിവച്ചതായി വിമാനകമ്പനികള് അറിയിച്ചത്.
നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്സില് കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എയർ ഇന്ത്യ സൗദിയിലേക്കുള്ള സർവീസുകള് ഒക്ടോബർ 20 വരെ റദ്ദാക്കിയിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് നേരത്തേ ഒക്ടോബർ 17 വരെയും സർവീസുകള് നിർത്തിവച്ചിരുന്നു. പുതിയ തീരുമാനത്തോടെ രണ്ട് കമ്പനികളുടെയും നിയന്ത്രണം ഒക്ടോബർ 24 വരെ നീളും.
ഇൻഡിഗോയും സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകള് ഈ മാസം 24 വരെ റദ്ദാക്കിയതായി വ്യാഴാഴ്ച അറിയിച്ചിരുന്നു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകള് ഒക്ടോബർ 24 വരെയും ജിദ്ദയിലേക്കുള്ള സർവീസുകള് ഒക്ടോബർ 21 വരെയും നിർത്തിവച്ചതായി ആകാശ എയറും വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളം ഉള്പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള് ലക്ഷ്യമിട്ട് യെമനിലെ ഹൂതികള് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകള്ക്കു പിന്നാലെയാണ് പശ്ചിമേഷ്യയില് സംഘർഷം വർദ്ധിച്ചത്. മേഖലയില് സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് വിമാനക്കമ്പനികള് സർവീസുകള് റദ്ദാക്കുന്നത്.






