തിരുവനന്തപുരം: കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ അടിയന്തരമായി രക്ഷപ്പെടുത്താൻ സംസ്ഥാനത്ത് 100 അംഗ ഹാർബർ റെസ്ക്യൂ സംഘം രൂപീകരിക്കും. തീരദേശ പട്രോളിംഗും ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു.
അടുത്തിടെ മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര എന്നിവിടങ്ങളിൽ വള്ളങ്ങൾ മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. കാണാതായ ചിലരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ വർഷം കടലിൽ പോയ 30-ലധികം മത്സ്യത്തൊഴിലാളികൾ മരിച്ചതായാണ് ഫിഷറീസ് വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര രക്ഷാപ്രവർത്തന സംവിധാനം ശക്തമാക്കുന്നത്.
സംസ്ഥാനത്തെ 15 തുറമുഖങ്ങളിലായാണ് ഹാർബർ റെസ്ക്യൂ സംഘങ്ങളെ രൂപീകരിക്കുക. പദ്ധതിക്ക് ഏകദേശം മൂന്ന് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ രണ്ട് കോടി രൂപയ്ക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. അധിക ഫണ്ടിനായി പ്രത്യേക നിർദേശം സമർപ്പിക്കാനും ഫിഷറീസ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കടലിനെക്കുറിച്ച് പരിചയസമ്പത്തുള്ള മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയായിരിക്കും റെസ്ക്യൂ സംഘങ്ങൾ രൂപീകരിക്കുക. കടൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം നേടിയ ഉദ്യോഗസ്ഥരും സംഘത്തിന് നേതൃത്വം നൽകും.
അപകടങ്ങൾ തടയുക, രക്ഷാപ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ് മെച്ചപ്പെടുത്തുക, സമുദ്ര-മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായിരിക്കും തീരദേശ പട്രോളിംഗ്. കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ മുൻകരുതലുകളും സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവത്കരണവും ശക്തമാക്കും.
കടലിൽ പോകുന്നതിന് മുമ്പ് ആവശ്യമായ രേഖകളും സുരക്ഷാ ഉപകരണങ്ങളും ബോട്ടുകളിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു. നിയമാനുസൃതമായ മത്സ്യബന്ധന പ്രവർത്തനങ്ങൾ മാത്രം നടത്തണമെന്നും മത്സ്യത്തൊഴിലാളികളോട് നിർദേശിച്ചിട്ടുണ്ട്.






