കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയോടുള്ള പരാമർശത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി ഫിഷറീസ് വകുപ്പ് .
നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി. കൊല്ലത്തെ ഫിഷറീസ് ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് അടിയന്തര സ്ഥലംമാറ്റം.
നിലവിലെ തിരച്ചിലില്‍ തൃപ്തിയില്ലെന്നും നേവി വന്ന് തിരച്ചില്‍ നടത്തണമെന്നും ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കുറിച്ച് ഒന്നും അറിയാത്തവരാണ് വകുപ്പിലെ ഉദ്യോഗസ്ഥരെന്നും രേഷ്മ കുറ്റപ്പടുത്തി. ഗൗതം കൃഷ്ണനായി ഇന്നും തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാർഡും വിദഗ്ധ മുങ്ങല്‍ സംഘവും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിലാണ് നടപടി. ഗൗതമിൻ്റെ അമ്മയോട് നേരത്തെ എന്ത് കൊണ്ട് പരാതി ഉന്നയിച്ചില്ല എന്നായിരുന്നു ഉദ്യോഗസ്ഥർ ചോദിച്ചത്.
അതേസമയം മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിലിനായി സ്കൂബ ടീം ഇതുവരെ എത്തിയില്ല. ഇതിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. കോസ്റ്റ് ഗാർഡ്, കോസ്റ്റല്‍ പൊലീസ്, നേവി എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നുണ്ട്. വിഴിഞ്ഞത്ത് കാണാതായ ജോണ്‍ മത്യാസിനായുള്ള തിരച്ചിലും തുടരുകയാണ്.
കാണാതായവർക്ക് വേണ്ടി തെരച്ചില്‍ കൂടുതല്‍ ഊർജിതമാക്കും; ഫിഷറീസ് മന്ത്രി
കാണാതായവർക്ക് വേണ്ടി തെരച്ചില്‍ കൂടുതല്‍ ഊർജിതമാക്കുന്നതായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂർ അറിയിച്ചു. സ്കൂബ ഡൈവേഴ്സ് കൂടി പരിശോധിക്കുന്നു . സാധ്യമായ എല്ലാ തെരച്ചിലും തുടരുന്നുണ്ട്. വിഴിഞ്ഞത്തെ ജോണിന്റെ മകനുമായി സംസാരിക്കും . നീണ്ടകരയിലെ കുടുംബവുമായി സംസാരിച്ചു.
മത്സ്യതൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ല. കൂടുതല്‍ മെച്ചപ്പെടുത്തണം. സർക്കാർ വന്നിട്ട് രണ്ട് മാസമേ ആയുള്ളൂ.കൂടുതല്‍ സമയം വേണം. മറൈൻ ആംബുലൻസിന്റെ അഭാവം ഉണ്ട്. എല്ലാത്തിനും പരിഹാരം വേണം അതിനു ശ്രമിക്കുന്നു. രണ്ട് മാസം കൊണ്ട് പരിഹരിക്കാവുന്നവ അല്ല നിലവിലെ പ്രശ്നങ്ങള്‍. മുന്നറിയിപ്പ് നല്കല് കൂടുതല്‍ ശ്രദ്ധിക്കണം. ഹാർബറുകള്‍ കേന്ദ്രീകരിച്ചു അതിനു സൗകര്യം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.






