തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്ന തീയതി മുതല്‍ ഒരു വർഷത്തിനുള്ളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഈ പട്ടികയില്‍ നിന്നായിരിക്കും നിയമനം നടക്കുക. അംഗീകൃത സർവ്വകലാശാലയില്‍ നിന്ന് സയൻസില്‍ ബിരുദം നേടിയവർക്കാണ് ഈ തസ്തികയിലേക്ക് മുൻഗണന നല്‍കുന്നത്.
കൂടാതെ, സ്പോർട്സ് മേഖലയില്‍ കഴിവ തെളിയിച്ചവർക്കും എൻ.സി.സി (NCC), എസ്.പി.സി (SPC) സർട്ടിഫിക്കറ്റുകള്‍ ഉള്ളവർക്കും പ്രത്യേക വെയിറ്റേജ് ലഭിക്കും. 20 മുതല്‍ 35 വയസ്സ് വരെയാണ് പ്രായപരിധി.
പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികള്‍ക്ക് നിയമാനുസൃത വയസ്സിളവ് അനുവദിച്ചിട്ടുണ്ട്. കായികക്ഷമതാ യോഗ്യതകളില്‍ പൊതുവിഭാഗത്തിന് കുറഞ്ഞത് 165 സെന്റീമീറ്റർ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 160 സെന്റീമീറ്റർ ഉയരവും 48 കിലോഗ്രാം ഭാരവുമാണ് വേണ്ടത്.
കൂടാതെ, കണ്ണടയില്ലാതെ കൃത്യമായ കാഴ്ചശക്തി ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്. എഴുത്തുപരീക്ഷ അല്ലെങ്കില്‍ ഓണ്‍ലൈൻ പരീക്ഷ, കായിക ക്ഷമതാ പരീക്ഷ (Physical Efficiency Test) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് പി.എസ്.സി-യുടെ 'ഒറ്റത്തവണ രജിസ്ട്രേഷൻ' (One Time Registration) പ്രൊഫൈലിലൂടെ അപേക്ഷിക്കാം.






