ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന താരം ലിയാൻഡ്രോ പരേഡസ്, സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്തു.
മത്സരത്തിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായി ചുരുങ്ങിയ അർജന്റീനയ്ക്കെതിരെ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
തൊണ്ണൂറാം മിനിറ്റിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെ എൻസോ ഫെർണാണ്ടസ് പുറത്തായത് വലിയ തിരിച്ചടിയാണ് അർജന്റീനയ്ക്ക് ലഭിച്ചത്.
പിന്നീട് 30 മിനിറ്റുകളോളം പത്ത് പേരുമായി ചുരുങ്ങിയ അർജന്റീനയ്ക്ക് പന്ത് തൊടാൻ പോലും കൊടുക്കാതെ സ്പെയിൻ മധ്യനിര കുഴപ്പിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് ഇന്നത്തെ ഫൈനൽ സാക്ഷ്യം വഹിച്ചത്.
പലപ്പോഴും പരുക്കൻ കളിയിലേക്ക് അർജന്റീന നീങ്ങുന്നത് അവരുടെ മുന്നേറ്റത്തെ കൂടി ബാധിച്ചിരുന്നു.
പത്ത് പേരായി ചുരങ്ങിയെങ്കിലും അവസാന നിമിഷം നടത്തിയ പല മുന്നേറ്റങ്ങളും സ്പെയിൻ പ്രതിരോധം നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഇന്ന് ഫുട്ബോൾ ലോകം കണ്ടത്.
അതേസമയം ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ് സ്പാനിഷ് താരം ഗാവിയെയും എറിക് ഗാർഷ്യയെയും കയ്യേറ്റം ചെയ്യുന്ന കാഴ്ചയും മത്സരശേഷം അരങ്ങേറി.
പരിശീലകൻ ലയണൽ സ്കലോണി ഇടപെടാൻ എത്തിയെങ്കിലും ഗാവിയെ ബലപ്രയോഗത്തിലൂടെ നിലത്തേക്ക് തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണിപ്പോൾ






