കോട്ടയം : കോട്ടയം ളാക്കാട്ടൂരിൽ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര് കളനാശിനി കഴിച്ച സംഭവത്തില്‍ അമ്മയും മകളും മരിച്ചതിനു പിന്നാലെ പിതാവും മരിച്ചു.
ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രാഹാ(ജോബി 50)യാണ് മരിച്ചത്. ചികിത്സയിൽരിക്കെ ഇന്നലെയായിരുന്നു മരണം. ഇതോടെ മരണസംഖ്യ മൂന്നായി.
കഴിഞ്ഞ ദിവസം ജോബിയുടെ ഭാര്യ ജോസ്ന(42), മകളായ മരിയ തെരേസ തോമസ് (17) എന്നിവര്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജോബിയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഇനി ചികില്സയിലുള്ളതു മകന് അലന് തോമസാണ്.
കളനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലംഗ കുടുംബാഗങ്ങളെ പ്രവേശിപ്പിച്ചത്.
കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണു വിവരം. തോമസ് കര്‍ഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താല്‍ക്കാലിക ജോലിക്കാരിയാണ്. മക്കള്‍ രണ്ടു പേരും വിദ്യാര്‍ഥികള്‍.






