കാൻസാസ് സിറ്റി: ക്വർട്ടർ ഫൈനലില്‍ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അർജന്റീന. എക്സ്ട്രാ ടൈമിലായിരുന്നു അർജന്റീനയുടെ ജയം.
മത്സരത്തിന്റെ സമ്പൂർണ ആധിപത്യം മെസ്സിപ്പടയ്ക്ക് ആയിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ഒരു ഗോളിന് മുന്നിലെത്തിയ അർജന്റീനയെ രണ്ടാം പകുതിയില്‍ സ്വിറ്റ്സർലൻഡ് ഒരു ഗോള്‍ മടക്കി സമനിലയിലാക്കുകയായിരുന്നു. തുടർന്ന് ഇഞ്ചുറി ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താൻ കഴിയാതെ എക്സ്ട്രാ ടൈമിലേക്ക് മത്സരം കടക്കുകയായിരുന്നു.
10-ാം മിനിറ്റില്‍ മാക് അലിസ്റ്റർ ആണ് അർജന്റീനയക്കായി ഗോള്‍ നേടിയത്. നിരവധി ഗോള്‍ അവസരങ്ങള്‍ അർജന്റീനൻ താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ 67-ാം മിനിറ്റിലാണ് സ്വിറ്റ്സർലൻഡിന്റെ സമനില ഗോള്‍ എത്തുന്നത്. ഡാൻ എൻഡോയെയാണ് ഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ സ്വിസ്സ് താരം ബ്രീല്‍ എംബോളോ റെഡ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയായിരുന്നു സ്വിറ്റ്സർലൻഡ് കളിച്ചത്.
മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ സ്വിറ്റ്സർലൻഡിന്റെ ഗോള്‍ മുഖത്തായിരുന്നു അർജന്റീനൻ താരങ്ങള്‍ എങ്കിലും 112-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ഒരു ലീഡ് ഗോള്‍ നേടാൻ. ഹൂലിയൻ അല്‍വാരസ് ആണ് ഗോള്‍ നേടി അർജന്റീനയെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്ത് വെച്ച് അടിച്ച ലോങ് റേഞ്ച് സ്വിസ് വല കുലുക്കുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിലാണ് അർജന്റീന വീണ്ടും ലീഡ് ഉയർത്തുന്നത്. ലൗട്ടാര മാർട്ടിനസ് ആണ് ഗോള്‍ നേടിയത്. അർജന്റീനയുടെ കൗണ്ടർ അറ്റാക്കില്‍ കുടുങ്ങുകയായിരുന്നു സ്വിറ്റ്സർലൻഡ്. ജയത്തോടെ മെസ്സിപ്പട സെമിയിലേക്ക് കുതിച്ചു. ഇംഗ്ലണ്ടാണ് സെമിയിലെ അർജന്റീനയുടെ എതിരാളികള്‍.






