കോട്ടയം: മലരിക്കല്‍ ആമ്പല്‍ വസന്ത പാടശേഖരങ്ങളില്‍ സര്‍വീസ് നടത്തുന്ന ഫൈബര്‍ ബോട്ടുകളുടെ പെട്രോള്‍ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചതായി പരാതി.
മലരിക്കല്‍ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ചു യാത്ര സര്‍വീസ് ഒരുക്കുന്ന ഏഴ് ബോട്ടുകളുടെ പെട്രോള്‍ ടാങ്കിലാണ് ഉപ്പു കല്ലിട്ടു സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് 36 ബോട്ടുകളാണ് ആമ്പല്‍ വസന്ത കാഴ്ചകള്‍ കാണാന്‍ എത്തുന്നവര്‍ക്കു സര്‍വീസിനായി ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴു ബോട്ടുകളുടെ പെട്രോള്‍ ടാങ്കിലാണു സാമൂഹ്യവിരുദ്ധര്‍ ഉപ്പ് കല്ല് നിക്ഷേപിച്ചത്.
കാഞ്ഞിരം സ്വദേശികളായ ദിബിന് കുറ്റിതാരാടി, പീതാംബരന് പാണ്ടങ്കേരി, പ്രമീഷ് പാണ്ടങ്കേരി, കിരണ്‍ കളത്തില്‍, അച്ചു കുട്ടന് കുമ്പളങ്കേരി, നോബിള്‍ ചെമ്മരപ്പള്ളി എന്നിവരുടെ ബോട്ടുകളുടെ പെട്രോള്‍ ടാങ്കിലാണ് ഉപ്പ് നിക്ഷേപിച്ചത്. ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നത്.
15 ദിവസം കൂടി മലരിക്കല്‍ കേന്ദ്രീകരിച്ചുള്ള ആമ്പല്‍ വസന്തം തുടരുമെന്നിരിക്കെ ഇവര്‍ക്കു ലഭിക്കേണ്ട ദിവസേന വരുമാനവും നഷ്ടമായിരിക്കുന്ന അവസ്ഥയിലാണ്.
ഇന്നലെ പുലര്‍ച്ചെ ആമ്പല്‍ വസന്തം കാണാന്‍ എത്തിയ സഞ്ചാരികളുമായി പാടശേഖരത്തേക്ക് യാത്ര നടത്തുന്നതിനിടെ ബോട്ട് ഓഫായി പോയതോടെ നടത്തിയ പരിശോധനയിലാണ് പെട്രോള്‍ ടാങ്കില്‍ ഉപ്പ് കല്ല് ഇട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് കടവിലുള്ള മറ്റു ബോട്ട് ഉടമകളെയും വിവരമറിയിക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് 7 ബോട്ടുകളിലെ ടാങ്കില്‍ കൂടി ഉപ്പ് വിതറിയതായി കണ്ടെത്തിയത്. മലരിക്കലിലെ മൂന്ന് കടവുകള്‍ കേന്ദ്രീകരിച്ച് ഈ ആമ്പല്‍ സീസണില്‍ മാത്രം 200 ബോട്ടുകളാണു സര്‍വീസ് നടത്തുന്നത്. സംഭവത്തില്‍ വെസ്റ്റ് പോലീസില്‍ പരാതി നല്കി.






