കോട്ടയം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച മണിക്കൂറില്‍ 350 കിലോമീറ്റർ വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാനും മുൻമന്ത്രിയുമായ പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകളില്‍ വാഹനപ്പെരുപ്പം മൂലം സമയവും ഇന്ധനച്ചെലവിലൂടെ പണവും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അതിവേഗ റെയില്‍ ഗതാഗതം അനിവാര്യമാണ്.
ഭൂരിഭാഗം സ്ഥലങ്ങളിലും ഭൂമിക്കടിയിലൂടെ പദ്ധതി നടപ്പാക്കിയാല്‍ കെ റെയിലിലേതുപോലെ ജനവാസകേന്ദ്രങ്ങളിലെ വീടുകളും സ്ഥലങ്ങളും ഏറ്റെടുക്കേണ്ടിവരില്ലെന്നും വ്യക്തമാക്കി.
രാജ്യത്ത് 4,000 കിലോമീറ്റർ നീളത്തില്‍ പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയില്‍ ഇടനാഴികളായ മുംബ- പൂനെ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ- ബംഗളൂരു, ഡല്‍ഹി- വാരണാസി, വാരണാസി- സിലിഗുരി എന്നിവയുടെ മാതൃകയില്‍ കേരളത്തിനും പുതിയ ശൃംഖലയോ നീട്ടലോ അനുവദിക്കണം.
കേന്ദ്ര വ്യോമയാന മന്ത്രാലയം മുൻ സെക്രട്ടറി കെ.റോയ് പോള്‍, സഞ്ചാരിയും എഴുത്തുകാരനുമായ സന്തോഷ് ജോർജ് കുളങ്ങര, ചാക്കോച്ചൻ മണലേല്‍ എന്നിവർ പാനലിസ്റ്റുകളായി. പൊതുസമ്മേളനത്തില്‍ മന്ത്രി മോൻസ് ജോസഫ്, പി.സി.തോമസ്, അപു ജോണ്‍ ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി, ജെയ്സണ്‍ ജോസഫ്, എബി പൊന്നാട്ട്, ഡോ.ജോബിൻ എസ്.കൊട്ടാരം എന്നിവർ സംസാരിച്ചു.






