കോഴിക്കോട്: ഉണ്ണിത്താന് നെല്ലിക്ക അയച്ചതിന് പിന്നാലെ ഷാഫി പറമ്പിൽ എംപിക്ക് ഗർഭനിരോധന ഉറകൾ അയച്ചുകൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നു.
കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെയാണ് ആക്ഷേപങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നത്.
‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’ എന്ന കൈയക്ഷരത്തിലുള്ള കുറിപ്പും ദൃശ്യങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്ക അയച്ചു കൊടുത്തതിനു പിന്നാലെയാണ് ഷാഫി പറമ്പിലിന് നേരെ ഇങ്ങനെയൊരു നീക്കം.
വടകര എംപി ഷാഫി പറമ്പിലിനെതിരെ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ വ്യത്യസ്ത പ്രതിഷേധ രീതി സ്വീകരിക്കുകയായിരുന്നു.
വണ്ടാഴിയിലെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സലായി അയച്ചുനൽകി. ഒരു ദിവസം മൂന്ന് തവണ നെല്ലിക്കാത്തളം വെക്കണമെന്ന പരിഹാസക്കുറിപ്പും പാഴ്സലിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.
ഷാഫി പറമ്പിലിന്റെ വർധിച്ചുവരുന്ന ജനപിന്തുണയാണ് രാജ്മോഹൻ ഉണ്ണിത്താനെ അസ്വസ്ഥനാക്കുന്നതെന്ന് കുറിപ്പിൽ പരിഹസിക്കുന്നു. കാസർകോട്ടെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അദ്ദേഹം എംപിയായതെന്നും കുറിപ്പിൽ ഉണ്ടായിരുന്നു.






