കോട്ടയം : അപ്രതീക്ഷിതമായെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവും തകർത്തത് കർഷകരുടെ ഒരുപിടി പ്രതീക്ഷകളെ കൂടിയാണ്. കനത്ത മഴയില്‍ കോട്ടയം ജില്ലയിൽ ഓണക്കാലം ലക്ഷ്യമിട്ട് നട്ടതൊക്കെ പ്രളയം കവർന്നു. ഇക്കുറിയും മറുനാടൻ പച്ചക്കറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികള്‍. വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നശിച്ചത് ഓണവിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ ഏത്തവാഴയും പച്ചക്കറികളുമാണ്.
ഈ സാഹചര്യത്തില്‍ കൃഷിവകുപ്പിന്റെ ചന്തകളില്‍ പോലും മറ്റ് ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമടക്കമുള്ള പച്ചക്കറികള്‍ എത്തിക്കാനാണ് നീക്കം. ഓണത്തിന് ഒരു മുറം പച്ചക്കറി ഉള്‍പ്പെടെയുള്ള ക്യാമ്പയിനുകളുടെ ഭാഗമായി കൃഷി ആരംഭിച്ചിരുന്നു. കൃഷിക്കാരുടെ എണ്ണം കൂടിയപ്പോള്‍ കാലവർഷം ഇക്കുറി വില്ലനായി. ഓണം പ്രതീക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ പച്ചക്കറികളും വാഴയും കൃഷി ചെയ്തതവർക്കും പണികിട്ടി.
തുടർച്ചായി മഴ പെയ്യുന്നതാണ് കർഷകർക്ക് തിരിച്ചടിയാണ്. ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോർട്ട് ചെയ്തത് ഏറ്റുമാനൂർ ബ്ലോക്കിലാണ്. ഇവിടെ 1295 കർഷകരുടെ 617.26 ഹെക്ടർ സ്ഥലത്തെ കൃഷിനശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കില്‍ 687 കർഷകരുടെ 291.83 ഹെക്ടർ സ്ഥലത്തെ കൃഷിനശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ. പാവല്‍, പടവലം, പയർ തുടങ്ങി പന്തല്കൃഷികള്ക്കായി വിത്ത് പാകി മുളപ്പിച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ വിത്തഴുകി നഷ്ടം വരുന്നതിനും കാരണമായി.






