ഭോപ്പാല്‍ : മധ്യപ്രദേശിൽ മദ്യപാനശീലം ഉപേക്ഷിക്കാന്‍ സഹായിക്കുമെന്ന പേരില്‍ നല്കിയ 'ഔഷധക്കൂട്ട്' കഴിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അഞ്ചുപേര്‍ക്ക് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹ്ഗുഡ് സ്വദേശിയായ രാംകിഷോര്‍ ഝാഡെ, ഇംലി ധാന സ്വദേശിയായ സഞ്ജയ് ഉയികെ എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ബേത്തൂള്‍ ജില്ലയിലാണ് സംഭവം.
ജില്ലയിലെ ചിചോളി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പഥഖേഡ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മദ്യപാനശീലം ഉപേക്ഷിക്കുന്നതിനായി ഇവര്‍ ഒരു വ്യാജ ചികിത്സകനെ സമീപിച്ചിരുന്നു. ഇയാള്‍ നല്കിയ ഔഷധക്കൂട്ട് കഴിച്ചതോടെയാണ് ഇവരുടെ ആരോഗ്യനില വഷളാകുന്നത്. സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും, മുഖ്യപ്രതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രദേശത്ത് മദ്യപാനം ഉപേക്ഷിക്കാന്‍ സഹായിക്കുന്നതിനായി ചിലര്‍ ഈ മരുന്ന് നല്‍കിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചുവന്ന നിറത്തിലുള്ള ഒരു മിശ്രിതമാണ് ഈ മരുന്ന് എന്നാണ് വിവരം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായവരുടെ നില ഇപ്പോള്‍ തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.






