ആയൂർ : സ്വത്തുതർക്കത്തെ തുടർന്ന് 61-കാരിയായ വൃദ്ധയുടെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ ഒന്നാം പ്രതിയായ ചെറുമകൾ ചടയമംഗലം പോലീസിന്റെ പിടിയിലായി. ആയൂർ സ്വദേശിനിയായ അമൃതയെയാണ് (18) പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സംഭവത്തിലെ മുഖ്യസൂത്രധാരിയും നിരവധി ക്രിമിനൽ-ഹണിട്രാപ്പ് കേസുകളിൽ പ്രതിയുമായ അമൃതയുടെ അമ്മ 'അശ്വതി അച്ചു' (37) നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കഴിഞ്ഞ മാസം 26-നായിരുന്നു ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണിക്ക് (61) നേരെ മകളും ചെറുമകളും ചേർന്ന് ക്രൂരമായ ആക്രമണം നടത്തിയത്. വീടിന്റെ സിറ്റൗട്ടിൽ വിശ്രമിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്കും കഴുത്തിലേക്കും തിളച്ച വെള്ളം കോരി ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോൾ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് പിടിയിലായ അമൃത നൽകിയ മൊഴി പ്രകാരം, അമ്മയായ അശ്വതി അടുപ്പിൽ വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി നൽകിയെന്നും, രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഇത് ചെയ്തതെന്നുമാണ്. രാധാമണിയുടെയും ഭർത്താവ് അശോകന്റെയും പേരിലുള്ള വീടും വസ്തുവും തങ്ങളുടെ പേരിലേക്ക് എഴുതിക്കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് ഈ അക്രമത്തിന് പിന്നിലെ കാരണമെന്ന് പോലീസ് വ്യക്തമാക്കി.
അക്രമത്തിന് തൊട്ടുപിന്നാലെ അശ്വതി മകളെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി ഒളിവിൽ പോവുകയായിരുന്നു. അവിടെനിന്നാണ് അമൃതയെ പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് പോലീസുകാരെയും രാഷ്ട്രീയ പ്രമുഖരെയും ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവങ്ങളിലെ പ്രതിയാണ് ഒളിവിൽ പോയ അശ്വതി അച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് അശ്വതിയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.




