കോഴിക്കോട്: പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി. അന്വേഷണത്തെ ചെറുക്കുന്ന രീതിയിലേക്ക് സി.പി.എം. വിശാല സംസ്ഥാനസമിതിയുടെ അജൻഡ മാറുന്നത് തടയാൻ ഇടപെട്ട് കേന്ദ്രനേതൃത്വം. പാർട്ടി നേരിടുന്ന വെല്ലുവിളികളില്‍ ഒന്നുമാത്രമാണ് ദേശീയ അന്വേഷണ ഏജൻസികളുടെ ഇടപെടല്‍ എന്ന വ്യക്തത ജനറല്‍സെക്രട്ടറി എം.എ. ബേബിതന്നെ യോഗത്തില്‍നല്‍കി. ഇ.ഡി.യെന്ന വാക്കുപോലും പറയാതെയാണ് യോഗലക്ഷ്യം വീഴ്ച പരിശോധിച്ച് തിരുത്തലാണെന്ന് ബേബി ചൂണ്ടിക്കാട്ടിയത്.
തിരഞ്ഞെടുപ്പവലോകന ഘട്ടത്തില്‍ പിണറായിക്കും സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനുംനേരേ പാർട്ടിഘടകങ്ങളില്‍ വിമർശനം ശക്തമായിരുന്നു. അത് വിശാലയോഗത്തിലും കടുക്കാനിടയുണ്ടെന്ന ഘട്ടത്തിലാണ് ഇ.ഡി. അന്വേഷണം വരുന്നത്. പിണറായിയെ ഉന്നമിടുന്നത് പാർട്ടിയെ തകർക്കാനാണെന്ന് വ്യാഖ്യാനിച്ച് ഇത് ഉയർത്തിക്കൊണ്ടുവരാൻ ഒരുവിഭാഗം ശ്രമിച്ചിരുന്നു. യോഗത്തിന് തൊട്ടുമുൻപ് പിണറായി വിജയൻ പത്രസമ്മേളനത്തിലൂടെ ഈനീക്കം കൂടുതല്‍ ശക്തിപ്പെടുത്തി. ഇതോടെ, ഇ.ഡി.യില്‍ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തിലേക്ക് വിശാല സംസ്ഥാന സമിതിയിലെ ചർച്ചമാറുമെന്ന പൊതുധാരണയുണ്ടായി. ഇ.ഡി.അന്വേഷണത്തിനെതിരേ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമുണ്ടായി. ഇതോടെയാണ്, വിശാല സംസ്ഥാന സമിതിയുടെ ഫോക്കസ്, ഇ.ഡി.യെ പ്രതിരോധിക്കലല്ല, പാർട്ടിയെ ശക്തിപ്പെടുത്തിയുള്ള രാഷ്ട്രീയ തിരിച്ചുവരവാണെന്ന സൂചന തുടക്കത്തിലേ എം.എ. ബേബി നല്‍കിയത്.
സൈന്യത്തിലും കേന്ദ്ര അന്വേഷണ ഏജൻസികളിലും ആർ.എസ്.എസുകാർ നുഴഞ്ഞുകയറുന്നുണ്ട്. അതിന്റെ പ്രശ്നമാണ് കേരളത്തില്‍ ഇപ്പോഴുണ്ടാകുന്നത്. ഇതേക്കുറിച്ച് ഞാൻ ഇത്രയേ പറയുന്നുള്ളൂ -ഇതായിരുന്നു ബേബി പറഞ്ഞത്. എന്നാല്‍, പിണറായിക്കെതിരേ ഇ.ഡി.യും മാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണം പാർട്ടിക്കെതിരേയുള്ളതാണെന്ന് ബേബി പറഞ്ഞെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട ആവശ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും പിന്നീട് മാധ്യമങ്ങള്ക്കുമുൻപില് എം.വി. ഗോവിന്ദൻ പറഞ്ഞു. ബേബി അങ്ങനെ പറഞ്ഞില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പറഞ്ഞുവെന്ന് അദ്ദേഹം ആവർത്തിച്ചു. ഇ.ഡി.എന്ന വാക്കുപോലും ബേബി പറഞ്ഞിട്ടില്ലെന്ന ചോദ്യം വീണ്ടും വന്നപ്പോള്‍, അത് പറയേണ്ടതില്ലെന്നും നേതാക്കള്‍ക്കെതിരേയുള്ള കടന്നാക്രമണം പാർട്ടിക്കെതിരേയുള്ള കടന്നാക്രമണമാണെന്ന് പറഞ്ഞതില്‍ എല്ലാമുണ്ടെന്നുമായിരുന്നു മറുപടി.






