തിരുവനന്തപുരം: സഹകരണ മേഖലയിലെ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് പയ്യന്നൂർ എംഎല്‍എയ്ക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഹകരണ വാരാഘോഷ പരിപാടിക്കിടെ പയ്യന്നൂർ എംഎല്‍എ വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് സഹകരണ മേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. കേരള രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിന്റെയും ജനങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നതിന്റെയും ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം വിമർശിച്ചു. സഹകരണ സ്ഥാപനങ്ങള്‍, പബ്ലിക് സർവീസ് കമ്മീഷൻ, ദേവസ്വം ബോർഡ് എന്നിങ്ങനെ പൊതുജനങ്ങളെ സേവിക്കേണ്ട സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണം സിപിഎം കയ്യടിക്കിവച്ചിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
'സഹകരണ മേഖലയില്‍ അടിമുടി ക്രമക്കേട്'
പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ 1,582 കോടി രൂപയുടെ ക്രമക്കേട് നടന്നതായി രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു. 450 സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപകരുടെ പണം തിരികെ നല്കാൻ കഴിയുന്നില്ല. 251 സഹകരണ സംഘങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. 550 കോടിയോളം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് 27 സഹകരണ ബാങ്ക് കേസുകള്‍ ഇ ഡി അന്വേഷിക്കുകയാണ്. ഏകദേശം 128 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയ കരുവന്നൂർ കേസില്‍ സിപിഎം ആണ് പ്രതിസ്ഥാനത്തുള്ളത്. നേമത്തു മാത്രം 1,200-ലധികം നിക്ഷേപകർ തങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ കാത്തുനില്‍ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. റിസ്ക് ഫണ്ട് ഉപയോഗിച്ച് ദുരിതമനുഭവിക്കുന്ന നിക്ഷേപകർക്ക് ആശ്വാസം നല്കുന്നതില് സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു
സംസ്ഥാനത്തെ അഴിമതിയില്‍ നിന്നും മറ്റ് പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാൻ സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സഹകരണ സ്ഥാപനങ്ങള്‍ ശുദ്ധീകരിക്കുമെന്നും നിക്ഷേപകർക്ക് നീതി ഉറപ്പാക്കുമെന്നും എൻഡിഎ 'വികസിത കേരളം' പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കീഴില്‍ സഹകരണ സ്ഥാപനങ്ങള്‍ വളർച്ചയുടെ ചാലകശക്തികളായി മാറുമ്പോള്‍, കേരളത്തില്‍ അവ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും അവരുടെ കൂട്ടാളികളുടെയും എടിഎമ്മുകളായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഈ ചൂഷണവും അഴിമതിയും അവസാനിച്ചേ തീരൂവെന്നും ബിജെപി അത് അവസാനിപ്പിക്കുമെന്നും പറഞ്ഞുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ കുറിപ്പ് അവസാനിപ്പിച്ചത്.






