.തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയിട്ട് ചുരുങ്ങിയ കാലം മാത്രമാണ് ആയത് എങ്കിലും, ഇതിനോടകം തന്നെ താഴിട്ടു പൂട്ടിയത് നിരവധി വികസന-ക്ഷേമ പദ്ധതികളാണ്.
ജനകീയ ഹോട്ടലുകള്‍ അടച്ചത് മുതല്‍ എസ്സി/എസ്ടി വിദ്യാർഥികളുടെ പഠന സഹായം മുടങ്ങിയതു വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടും. എല്‍ഡിഎഫ് സർക്കാരിന്റെ കാലത്തെ നിരവധി ക്ഷേമപദ്ധതികളാണ് യുഡിഎഫ് സർക്കാർ മുടക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിരിക്കുന്നത്.
സർക്കാർ മുടക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് നോക്കാം:-
ജനകീയ ഹോട്ടലുകള്‍- ഭക്ഷ്യപൊതുവിതരണ വകുപ്പിൻറെ ഉത്തരവ് പ്രകാരം ഒരു പെർമിറ്റിന് മാസം 600 കിലോഗ്രാം അരി സിവില്‍ സപ്ലൈസില്‍ നിന്നും 10.90 രൂപ നിരക്കിലാണ് ലഭിച്ചിരുന്നത്. ഇത് നിർത്തിയതോടെ നൂറുകണക്കിന് യൂണിറ്റുകള്‍ അടച്ചു. ആകെ 1,198 ജനകീയ ഹോട്ടലുകളില്‍ 600 ഹോട്ടലുകള്‍ അടച്ചതായാണ് വിവരം.
സ്ത്രീസുരക്ഷ പദ്ധതി- 35-60 വയസ് പ്രായമുള്ള പിങ്ക്/മഞ്ഞ റേഷൻ കാർഡുള്ള തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ നല്കുന്ന പദ്ധതിയായിരുന്നു ഇത്. ഈ പദ്ധതിയും യുഡിഎഫ് വന്നതോടെ നിലച്ചു.
എസ്സി/എസ്ടി പഠന സഹായം- പട്ടികജാതി-പട്ടികവർഗ വിദ്യാർഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം മാസങ്ങളായി മുടങ്ങിയതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
വയനാട് ടൗണ്‍ഷിപ്പ് നിർമാണം- മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പ് നിർമാണവും യുഡിഎഫ് വന്നതോടെ നിർമാണവും മന്ദഗതിയിലായി.
ഡോർസ്റ്റെപ്പ് പെൻഷൻ വിതരണം നിലച്ചു- ഏകദേശം 10 വർഷമായി പ്രായമായവരുടെ വീട്ടിലെത്തിച്ചിരുന്ന പെൻഷൻ സർക്കാർ നിർത്തലാക്കി.
ലൈഫ് മിഷൻ ഭവന സഹായം വെട്ടിക്കുറച്ചതും കെ റെയില്‍ പദ്ധതി അട്ടിമറിച്ചതും ഇതില്‍ ഉള്‍പ്പെടും.






