തിരുവനന്തപുരം : പിഎസ്സി പരീക്ഷ ക്രമക്കേടിൽ എസ്ഐടി ഹൈക്കോടതിയിലേക്ക്. അന്വേഷണ വിവരം ഹൈക്കോടതിയെ ബോധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ല എന്നതടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കും.
സർക്കാർ പ്ലീഡര്‍ വഴി വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ഉത്തര കടലാസ്സുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു. സർവർ ലോഗിൻ വിവരങ്ങൾ ശേഖരിക്കാനും നീക്കം നടക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയിലെ അംഗങ്ങളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്ന് പിഎസ്സി ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയില്‍ വാദിക്കുന്നു. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മൂല്യനിര്‍ണയത്തിലുണ്ടായ പിഴവ് സാങ്കേതിക പിഴവ് മാത്രമാണ്. ഒഎസ്എമ്മില് വന്ന പിഴവാണത്. അത് തിരുത്താന്‍ ശ്രമിച്ചു വരികയാണ്. അതിനുള്ള അനുമതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നല്‍കിയിട്ടുണ്ട്. പിഎസ്സി അംഗങ്ങളെ ഇതിന്റെ പേരില്‍ കുറ്റവാളികളായി കണക്കാക്കി, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ചോദ്യം ചെയ്യാന്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും പിഎസ് സി അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.






