എരുമേലി:എരുമേലി റേഞ്ചിന് പരിധിയിലുള്ള വനപാതകളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ കര്‍ശന നടപടികളുമായി വനംവകുപ്പ്.
ഇതിന്റെ ഭാഗമായി വനപാതകളില്‍ ക്യാമറകള്‍ സ്ഥാപിച്ചുതുടങ്ങിയതായി റേഞ്ച് ഓഫീസര്‍ കെ. വി രതീഷ് അറിയിച്ചു. കനകപ്പലം മുതല്‍ ചതുപ്പ് വരെയുള്ള വനപാതയില്‍ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി. കനകപ്പലം മുതല്‍ മൂക്കട വരെയുള്ള പാതയില്‍ നിലവില്‍ ഉള്ള മാലിന്യം നീക്കം ചെയ്യുന്ന മുറക്ക് ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങും.
ഈ ഭാഗത്തെ മാലിന്യങ്ങള്‍ ഒരാഴ്ചക്കക്കം നീക്കം ചെയ്യാമെന്നാണ് കരുതുന്നതെന്നും റേഞ്ച് ഓഫീസര്‍ അറിയിച്ചു.പന്ത്രണ്ടോളം ക്യാമറകളാണ് സ്ഥാപിക്കുന്നത്.മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും. ഇരുപത്തിനാലു മണിക്കൂറും വനപാതകളില്‍ നിരീക്ഷണമുണ്ടാവും.ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഈ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നത്.
ഇവയെല്ലാം വിദ്യാര്‍ഥികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ നിരവധി പ്രാവശ്യം നീക്കം ചെയ്തെങ്കിലും താമസിയാതെ പഴയപടി ആവുകയാണ് പതിവ്. ദൂര സ്ഥലങ്ങളില്‍ നിന്നാണ് രാത്രി കൂടുതലും മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നത്. ഇവ തള്ളുന്നതിനായി മാത്രമെത്തുന്നവരും ഉണ്ട്. യാത്ര ഈ വഴിയാണെങ്കില്‍ വീട്ടിലെ മാലിന്യങ്ങള്‍ തള്ളാന്‍ കൊണ്ടുവരുന്നവരും കുറവല്ല.






