എരുമേലി: ശബരിമല തീർത്ഥാടനത്തിനായി എരുമേലി സജ്ജമാക്കും.ശബരിമല തീർത്ഥാടനം മുൻനിറുത്തിയുള്ള ഒരുക്കങ്ങൾ എരുമേലിയിൽ ഇത്തവണ നേരത്തേ തുടങ്ങാനാണ് തീരുമാനം.
എരുമേലിയിൽ മേൽനോട്ടത്തിന് ജുഡീഷൽ മജിസ്ട്രേറ്റിനെ നിയമിക്കുന്നതടക്കം ഇത്തവണ നേരത്തെ നടപടികൾ സ്വീകരിക്കാനാണ് നീക്കം. ആരോഗ്യപ്രശ്നങ്ങൾ മുൻനിറുത്തി രാസസിന്ദൂരം എരുമേലിയിൽ നിരോധിച്ചിരുന്നു.
ഇത് മുൻനിറുത്തി പരിശോധന ഉടൻ തുടങ്ങും. കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കെ.മുരളീധരൻ തലസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഒരുക്കങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.
മകരവിളക്ക് സീസണിൽ തുറക്കുന്ന കാനനപാത ഇത്തവണ മണ്ഡലകാലം മുതൽ തുറക്കാനും ആലോചനയുണ്ട്.
മുന്നൊരുക്കങ്ങൾ അവസാന നിമിഷത്തിലേക്ക് നീട്ടാതെ കുറഞ്ഞത് രണ്ട് മാസം മുമ്പ് ആരംഭിച്ച് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദേശം നൽകിയിരുന്നു.
അതെ സമയം മകരവിളക്ക് സീസണിൽ മാത്രം കാനനപാത തുറക്കാനാണ് വനംവകുപ്പിനും താത്പര്യം. മണ്ഡലകാലം 41 ദിവസമാണ്.
ഈ സമയത്ത് കാനനപാതയിൽ ഭക്തരുടെ തിരക്കില്ല. വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്. അതേസമയം 20 ദിവസം നീളുന്ന മകരവിളക്ക് സീസണിൽ കാനനപാതയിൽ തിരക്ക് ഏറെയാണെന്നുള്ളതിനാൽ മൃഗങ്ങൾ കാട്ടിനുള്ളിലേക്ക് ഉൾവലിയുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു






