കൊച്ചി: ചരിത്രപ്രസിദ്ധമായ എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ
കണ്ടെത്തിയ തുടർന്ന് ദേവസ്വം ഓഫീസർ അഖിൽ ദാമോദരനെ സ്ഥലം മാറ്റി.കഴിഞ്ഞ വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ടാണ് ഉപദേശക സമിതിയും ദേവസ്വം അധികൃതരും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തത്. ഉത്സവത്തിന്റെ വരവുചെലവ് കണക്കുകൾ ഔദ്യോഗികമായി ഓഡിറ്റ് ചെയ്ത് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിന് തയ്യാറായില്ല.
ആനയൂട്ട് അടക്കമുള്ള ചടങ്ങുകളുടെ നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും വലിയ തോതിൽ പണം വകമാറ്റിയതായി ഉപദേശക സമിതി കണ്ടെത്തിയിരുന്നു.
തുടർന്ന് വിഷയത്തിൽ ഇടപെട്ട ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ ഓഡിറ്റിംഗിന് ആവശ്യമായ സാമ്പത്തിക രേഖകൾ ഹാജരാക്കുന്നതിൽ ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ഓഡിറ്റർമാരും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സമിതി ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തിൽ ഗൗരവ ഇടപെടൽ നടത്തിയ ഹൈക്കോടതി, സംഭവത്തിൽ വിശദീകരണം നൽകാൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.
അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് നടപടികൾ നീളുമെന്നാണ് സൂചന.






